മിഷനറി സൊസൈറ്റി ഫോർ ദ മാർജിനലൈസ്ഡിനു തുടക്കം
Thursday, July 31, 2025 1:54 AM IST
ചെമ്പേരി: ദൈവത്തിന്റെ കരുണയും സ്നേഹവും കരുതലുമാണ് സുവിശേഷത്തിന്റെ അന്തഃസത്തയെന്നും കാലം ചെല്ലുംതോറും സുവിശേഷമൂല്യം വർധിക്കുകയാണെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തലശേരി അതിരൂപതയിൽ പുതുതായി രൂപീകൃതമായ മിഷനറി സൊസൈറ്റി ഫോർ ദ മാർജിനലൈസ്ഡ് (എംഎസ്എം) എന്ന അപ്പസ്തോലിക ജീവിതസമർപ്പണ സമൂഹത്തിന്റെ പ്രഖ്യാപനം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നിർവഹിച്ച് സന്ദേശം നൽകുകയായിരന്നു ആർച്ച്ബിഷപ്.
എല്ലാ പാവപ്പെട്ടവരിലും കർത്താവിന്റെ തിരുമുഖം കാണാൻ കഴിയുന്നതാണ് ഈ സേവനത്തിന്റെ പുണ്യമെന്നും ആർച്ച്ബിഷപ് പറഞ്ഞു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ സഹകാർമികനായിരുന്നു. അതിരൂപത ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ എംഎസ്എം പ്രഖ്യാപനത്തിന്റെ ഡിക്രി വായിച്ചു.
എംഎസ്എം അപ്പസ്തോലിക ജീവിത സമൂഹത്തിൽ ആദ്യത്തെ അംഗത്വം സ്വീകരിച്ച ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ അംഗത്വ വാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ചശേഷം സമൂഹത്തിന്റെ പ്രഥമ സെർവന്റ് ജനറലായി ചുമതലയേറ്റു. തുടർന്ന് സമൂഹത്തിൽ സേവന സന്നദ്ധരായ 12 പ്രേഷിതർകൂടി അംഗത്വ വാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ചു. തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കുംശേഷം എംഎസ്എം പ്രഥമ സെർവന്റ് ജനറൽ ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ നന്ദി പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് ഫാ. ജോർജ് കുറ്റിക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആകാശപ്പറവകളുടെ കൂട്ടുകാരുടെയും കോട്ടയം കേന്ദ്രമാക്കി കുട്ടികൾക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന തെരേസ്യൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പ്രേഷിതരെ സംയോജിപ്പിച്ചാണ് സീറോമലബാർ സഭ തലശേരി അതിരൂപതയിൽ മിഷനറി സൊസൈറ്റി ഫോർ ദ മാർജിനലൈസ്ഡ് (എംഎസ്എം) എന്നപേരിൽ അപ്പസ്തോലിക ജീവിത സമർപ്പണസമൂഹത്തിന് രൂപം നൽകിയിട്ടുള്ളത്.