അന്താരാഷ്ട്ര നിലവാരത്തിലല്ലെങ്കിലും കൊല്ലാത്ത റോഡ് മതി: ഹൈക്കോടതി
Wednesday, July 30, 2025 1:42 AM IST
കൊച്ചി: അന്താരാഷ്ട്ര നിലവാരമുള്ള റോഡൊന്നും സര്‍ക്കാരിന് നിര്മിക്കാനായില്ലെങ്കിലും മനുഷ്യനെ കൊല്ലാത്ത റോഡ് മതിയെന്ന് ഹൈക്കോടതി.
റോഡിലെ കുഴിയില്‍ വീണുള്ള അപകടമരണങ്ങളില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കരുത്. കുഴികളില്‍ വീണ് ഇനിയൊരു ജീവന് നഷ്ടമാകരുത്. റോഡുകള്‍ സമഗ്ര ഓഡിറ്റിംഗിനു വിധേയമാക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
റോഡുകളുടെ ശോച്യാവസ്ഥ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ എറണാകുളം നഗരത്തിലും തൃശൂരും വാഹനാപകടങ്ങളില്‍ യുവാക്കള്‍ മരിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പരിഗണിക്കുകയായിരുന്നു കോടതി. എറണാകുളം നഗരത്തിലെ റോഡുകളുടെ ചുമതലയുള്ള എന്‍ജിനിയര്‍മാരെയും കോടതി വിളിച്ചുവരുത്തിയിരുന്നു.
റോഡുകളുടെ തകര്‍ച്ചയ്ക്കു മഴയടക്കമുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ നിരത്തിയെങ്കിലും ലോകത്ത് എല്ലായിടത്തും മഴയുണ്ടെന്നും അവിടെയൊക്കെ റോഡുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. കുഴിയുള്ളിടത്ത് മുന്നറിയിപ്പ് ബോര്‍ഡ് എങ്കിലും വയ്ക്കേണ്ടതല്ലേ?
അമ്മയുമായി ബൈക്കില്‍ പോകവേ റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴാണു തൃശൂരില്‍ യുവാവ് അപകടത്തില്‍ മരിച്ചത്. റോഡിലെ കുഴികള്‍ക്ക് എന്‍ജിനിയര്‍ വ്യക്തിപരമായി ഉത്തരവാദികളാകണമെന്നും കോടതി പറഞ്ഞു.