രാഷ്ട്രീയ ധൃതരാഷ്ട്രാലിംഗനം സൂക്ഷിക്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Wednesday, July 30, 2025 1:42 AM IST
പാലക്കാട്: സന്ദർഭം അനുസരിച്ച് സ്വഭാവം മാറ്റുന്ന രാഷ്ട്രീയ ധൃതരാഷ്ട്രർമാരെ സൂക്ഷിക്കണമെന്നു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് രൂപതയിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിഷേധജാഥയ്ക്കുശേഷമുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സന്ദർഭമനുസരിച്ച് സ്വഭാവംമാറ്റുന്ന പുതിയ രാഷ്ട്രീയനേതൃത്വങ്ങളെ ജനം തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധജാഥ പാലക്കാട് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നുനടന്ന പ്രതിഷേധസദസ് സുൽത്താൻപേട്ട രൂപത മെത്രാൻ ഡോ. അന്തോണിസാമി പീറ്റർ അബീർ ഉദ്ഘാടനംചെയ്തു.
ഭാരതത്തിന്റെ മതേതരത്വത്തിന്റെ അപകടകരമായ തകർച്ചയുടെ തുടക്കമാണ് ഇത്. ആരും ആരെയും നിർബന്ധിച്ചു മതംമാറ്റം നടത്തുന്നില്ല. ഏതു മതത്തിൽ വിശ്വസിക്കണം എന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണ്, മൗലിക അവകാശമാണ്: ബിഷപ് പറഞ്ഞു.
പാലക്കാട് രൂപത വികാരി ജനറാൾ ഫാ. ജീജോ ചാലയ്ക്കൽ, വൈദികപ്രതിനിധി ഫാ. സജി വട്ടുകളം, സിസ്റ്റർ ലിജി ചക്യത്ത് എംഎസ്ജെ, കെസിവൈഎം രൂപത വൈസ് പ്രസിഡന്റ് ബിൻസി പൗലോസ്, കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തിങ്കൽ, മാതൃവേദി പ്രതിനിധി ഷീജ എസ്. വല്ലനാട്ട്, രൂപത മാതൃവേദി ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.