രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് വിമർശനം
Thursday, July 31, 2025 1:54 AM IST
തൊടുപുഴ: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപോലെ പെരുമാറുന്നുവെന്നും സംഘടനാകാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു പ്രധാന ആരോപണം.
ഇന്നലെ തൊടുപുഴ വൈഎംസിഎ ഹാളിൽ നടന്ന ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികൾ രാഹുലിനെ വിമർശിച്ചത്. വിമർശനം കടുത്തതോടെ രാഹുൽ വേദി വിട്ടെങ്കിലും പിന്നീട് തിരികെയെത്തി.
വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.15നകം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റികൾക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വയനാട് പുനരധിവാസത്തിൽ യൂത്ത് കോണ്‍ഗ്രസ് ധന സമാഹരണത്തിൽ പാളിച്ചകളില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ സർക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് യൂത്ത് കോണ്‍ഗ്രസിനെതിരേ വിമർശനം അഴിച്ചുവിടുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃകാ വീട് പോലും പൂർത്തിയാക്കാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.