ലക്ഷദ്വീപ് മുന്‍ എംപി പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Thursday, July 31, 2025 1:54 AM IST
കൊച്ചി: ലക്ഷദ്വീപ് മുന്‍ എംപിയും എന്‍സിപി (എസ്പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗവുമായ ഡോ. പി. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. സ്വദേശമായ അമിനിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനതാദള്‍ (യുണൈറ്റഡ്) സ്ഥാനാര്‍ഥിയായി 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും തുടര്‍ച്ചയായി ലോക്സഭയിലേക്ക് ജയിക്കുകയും ചെയ്ത പി.എം. സഈദിനെ 71 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.2009ല്‍ ഹംദുള്ള സഈദിനെതിരേ എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സാറോമ്മബിയാണ് ഭാര്യ. എന്‍സിപി (എസ്പി) ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫാ മിറാജ്, അഡ്വ. മുര്‍ത്തസാ, താഹിറ എന്നിവരാണ് മക്കള്‍. മരുമക്കള്‍: സുമയ്യ, നഫീസത്ത്ബി, മുഹമ്മദ് ഷാഫി.