“ഇതാണോ ആര്‍ഷഭാരത സംസ്കാരം?”
Thursday, July 31, 2025 2:31 AM IST
തിരുവനന്തപുരം: ഈ രാജ്യത്ത് ക്രൈസ്തവര്‍ ജീവിക്കുന്നത് 2000 വര്‍ഷത്തെ സംരക്ഷണയിലും ചൈതന്യത്തിലുമാണെന്ന് കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ആള്‍ക്കൂട്ട വിചാരണ നേരിട്ട സന്യാസിനിമാര്‍ക്കു ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആര്‍ഷഭാരത സംസ്കാരം? ഛത്തീസ്ഗഡ് ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ജയില്‍മോചിതരാക്കണമെന്നും കുറ്റക്കാരായ ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനിലേക്കു നടത്തിയ മൗനജാഥയ്ക്കുശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്. അവിടെ ആതുരശുശ്രൂഷ ചെയ്യുന്നവരാണ് ഇവരേപ്പോലുള്ള ആയിരക്കണക്കിനു സന്യാസിനിമാര്‍. സന്യാസിനിമാര്‍ മതേതര ഭാരതത്തിന് അനുഗ്രഹമാണ്.
ആര്‍ഷഭാരതത്തിന്റെ അവിഭാജ്യഘടകങ്ങളാണ് സന്യാസിനിമാര്‍. അറസ്റ്റ് ചെയ്യപ്പെട്ടവരെപ്പോലുള്ള ആയിരക്കണക്കിനു സിസ്റ്റര്‍മാരാണ് ഭാരതത്തില്‍ പതിനായിരക്കണക്കിന് ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിച്ചിട്ടുള്ളത്. അവരുടെ സമര്‍പ്പണം എക്കാലവും ഓര്‍മിക്കപ്പെടേണ്ടതാണ്. ഒരു കല്‍ത്തുറുങ്കിനും അതു തടയാനാകില്ല- കർദിനാൾ പറഞ്ഞു.