ഡിഎ, ശമ്പളപരിഷ്കരണ കുടിശിക: സംഘടനകളുമായി ചർച്ച നടത്തി
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: കോളജ് അധ്യാപകരുടെ ഡിഎ, ശമ്പളപരിഷ്കര കുടിശികകൾ സംബന്ധിച്ച് ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി പ്രതിപക്ഷ അധ്യാപക സംഘടനയുമായി ചർച്ച നടത്തി. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിലെ ഇടക്കാല വിധി അനുസരിച്ചാണ് ചർച്ച നടത്തിയത്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ കോളജ് അധ്യാപകർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി കേരളത്തിലെ കോളജ് അധ്യാപകർക്കു ലഭിക്കാനുള്ള ഡിഎ കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും അടിയന്തരമായി അനുവദിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത കെപിസിടിഎ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഏഴാം ശമ്പള പരിഷ്കരണം പൂർണമായി നടപ്പിലാക്കുന്നു എന്ന് അംഗീകരിച്ച് ഉത്തരവിറക്കിയശേഷം അതിലെ നിബന്ധനകൾ പാലിക്കാതെയും, അനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്യാതെയുമിരിക്കുന്നതു നിയമനിഷേധമാണെന്നും ഇതു തുടർന്നാൽ നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും കെപിസിടിഎ വ്യക്തമാക്കി.
കെപിസിടിഎയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എ. ഏബ്രഹാം , സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോർജ്, കേരള മേഖലാ സെക്രട്ടറി ഡോ. എസ്. ആർ. അജേഷ് എന്നിവർ പങ്കെടുത്തു. സംഘടനാ പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾ രേഖാമൂലം സർക്കാരിന് കൈമാറാമെന്നു അഡീഷണൽ സെക്രട്ടറി ഉറപ്പുനല്കി.