കന്യാസ്ത്രീമാർ പുറത്തിറങ്ങുംവരെ സമരം: മാർ ആൻഡ്രൂസ് താഴത്ത്
Wednesday, July 30, 2025 1:42 AM IST
തൃശൂർ: ഛത്തീസ്ഗഡിൽ അന്യായമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീമാർ പുറത്തിറങ്ങുന്നതുവരെ പ്രതിഷേധം തുടരുമെന്നു സിബിസിഐ പ്രസിഡന്റും അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
‘"ഇന്ത്യൻ ഭരണഘടനയെ ബന്ദിയാക്കരുത്. ക്രിസ്ത്യാനികൾക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. മൂന്നു പെണ്‍കുട്ടികൾക്കു തൊഴിൽ നൽകാൻ അവരുടെ മാതാപിതാക്കളുടെ അനുമതിയോടെ തയാറായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ജയിലിലടച്ചതിൽ രാജ്യം നാണിക്കണം. ഭരണഘടനയ്ക്കു വിരുദ്ധമായ നടപടിയാണിത്’’.- മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
‘"രാഷ്ട്രനിർമിതിക്ക് ഏറ്റവുമധികം സംഭാവന നൽകിയ മതവിഭാഗമാണു ക്രൈസ്തവർ. രാജ്യത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ ഉന്നമനത്തിനായി ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയതാണോ ക്രിസ്ത്യാനികൾ ചെയ്ത തെറ്റ്? ഭരണകൂടം ക്രൈസ്തവർക്കെതിരേ നടത്തുന്ന വിവേചനത്തിന്റെ പ്രതീകമാണു ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീമാർ. സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത അവസ്ഥയായി.
ആഗ്രയിലെ ആശുപത്രിയിൽ ജോലിക്കായി കൊണ്ടുവന്നതാണു പ്രായപൂർത്തിയായ കുട്ടികളെ. ഇവരെ സഹോദരനാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. അവിടെവച്ചാണു കന്യാസ്ത്രീമാർ കുട്ടികളെ ആദ്യമായി കാണുന്നത്. പല സഭകളുടെയും കൂട്ടായ്മയായ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) എന്ന സഭയിലെ അംഗങ്ങളാണു കുട്ടികൾ.
മനുഷ്യക്കടത്തിനു ജാമ്യംകിട്ടുമെന്നറിഞ്ഞു മതപരിവർത്തനം എഫ്ഐആറിൽ കൂട്ടിച്ചേർക്കുകയായിരുന്നു. എന്തുകൊണ്ട് ഇതു ചെയ്തെന്നതിന് ഉത്തരമില്ല’’- മാർ താഴത്ത് പറഞ്ഞു. ക്രൈസ്തവസമൂഹം വടക്കേ ഇന്ത്യയിലെ അവികസിതസമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിൽ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു.
വൈദികരും സന്യസ്തരും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെ അപകടമായി നോക്കിക്കാണുന്ന ന്യൂനപക്ഷം എല്ലായിടത്തുമുണ്ട്. ജനങ്ങളെപ്പോഴും അജ്ഞതയുടെ അന്ധകാരത്തിൽ നിലനിൽക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അത്തരമിടങ്ങളിൽ ധൈര്യപൂർവം കടന്നെത്തുന്ന സമർപ്പിതർ നേരിടുന്ന വെല്ലുവിളിയാണ് ദുർഗിലും കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അല്മായപ്രതിനിധി അഡ്വ. ബിജു കുണ്ടുകുളം, അസീസി പ്രോവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഫോണ്‍സി മരിയ, മാതൃവേദി പ്രസിഡന്റ് ഉജ്വല ബിജു, അതിരൂപത കുടുംബ്ക്കൂട്ടായ്മ കണ്‍വീനർ ഷിന്റോ മാത്യു, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു.
നേരത്തേ, പുത്തൻപള്ളിയിൽ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ പ്രാർഥനായജ്ഞത്തിനുശേഷം കോർപറേഷൻ ഓഫീസിനു മുന്നിലേക്കു നടത്തിയ പ്രതിഷേധമാർച്ച് ആൾക്കടലായി മാറി.
അതിരൂപതയ്ക്കുകീഴിലുള്ള പള്ളികളിൽനിന്നുള്ള വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് ഇടവകാംഗങ്ങളും പ്ലക്കാർഡുകളുമേന്തി ക്രൈസ്തവർക്കെതിരായ നീക്കങ്ങളിൽ ആശങ്ക രേഖപ്പെടുത്തി അണിനിരന്നു. പുത്തൻപള്ളിക്കു മുന്നിൽനിന്നു കോർപറേഷൻ ഓഫീസിനു മുന്നിലേക്കുനടന്ന മാർച്ചിൽ മുദ്രാവാക്യങ്ങൾ ഇരന്പി.