ചേര്‍ത്തലയിലെ അസ്ഥികൂട അവശിഷ്ടങ്ങള്‍; പ്രതി അറസ്റ്റിൽ
Wednesday, July 30, 2025 1:42 AM IST
കോട്ടയം: ചേര്‍ത്തലയില്‍ വീട്ടുവളപ്പിൽനിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്റ്യനെ (65) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അസ്ഥികൂട അവശിഷ്ടങ്ങള്‍ ഏറ്റുമാനൂരിൽനിന്നു കാണാതായ ജയ്നമ്മയുടേതാണെന്ന നിഗമനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കസ്റ്റഡിയിലിരുന്ന പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അസ്ഥിയും ജയ്നമ്മയുടെ ബന്ധുക്കളുടെ രക്തസാമ്പിളും ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.
ഇതിനായി ജയ്നമ്മയുടെ സഹോദരന് സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പില്‍നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒന്നര പതിറ്റാണ്ടു മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന് കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന് (47), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിലാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്.
ലഭിച്ച അവശിഷ്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇതു കാണാതായ സ്ത്രീകളിൽ ആരുടെയെങ്കിലുമാണോ എന്നു തിരിച്ചറിയാനാകൂ എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഏറ്റുമാനൂര്‍ സ്വദേശി ജയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂരില്‍നിന്നു കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജയ്നമ്മയുടെ ഫോണ്‍ ഇയാള്‍ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നു.
ഏറ്റവുമൊടുവില്‍ ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിനു കിട്ടി. കൂടാതെ, സ്വര്‍ണം പണയപ്പെടുത്തിയ രേഖകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്നാണ് ഫോറന്‍സിക് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ മരിച്ചത് ജയ്നമ്മയാണെന്ന നിഗമനത്തിലാണ് പോലീസ്.