പോക്സോ കേസിൽ 285 ദിവസം ജയിലിൽ; ഒടുവിൽ നിരപരാധിയെന്നു കണ്ടെത്തൽ
Thursday, July 31, 2025 1:54 AM IST
ആലപ്പുഴ: പോക്സോ കേസിൽ വിചാരണത്തടവുകാരനായി 285 ദിവസം ജയിലിൽ കഴിയേണ്ടിവന്ന 75കാരനെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി വിട്ടയച്ചു.
താൻ നേരത്തേ തെറ്റായ മൊഴിയാണു നൽകിയതെന്ന് സ്കൂൾ വിദ്യാർഥിനിയായ അതിജീവിത കോടതിയിൽ പറഞ്ഞതിനെത്തുടർന്നാണിത്. ആലപ്പുഴ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ പോക്സോ കോടതി ജഡ്ജിയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജിയുമായ റോയ് വർഗീസ് ഇന്നലെ വിധി പറഞ്ഞത്.
കാമുകനെ രക്ഷിക്കാനാണു താൻ തെറ്റായ മൊഴി നൽകിയതെന്നു പെൺകുട്ടി പറഞ്ഞതോടെ കാമുകനെതിരേ കേസെടുത്തിട്ടുണ്ട്. നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന വയോധികൻ പെൺകുട്ടിയുടെ വീട്ടിൽ സഹായങ്ങൾ ചെയ്തിരുന്നു.
അക്കാലത്തു വയോധികൻ തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കൂട്ടുകാരോടു പറഞ്ഞതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു കോടതി ജാമ്യം നിഷേധിച്ചു.
എന്നാൽ, വിചാരണസമയത്തു പെൺകുട്ടി, തനിക്കു തെറ്റു പറ്റിയെന്നും പ്രതി നിരപരാധിയാണെന്നും കോടതിയെ അറിയിച്ചു. കാമുകനുമായുള്ള ബന്ധം മനസിലാക്കിയ വയോധികൻ തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണു തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.
ഇതോടെ കേസ് വീണ്ടും അന്വേഷിക്കാൻ നോർത്ത് പൊലീസിനു കോടതി നിർദേശം നൽകി. പുനരന്വേഷണത്തിൽ വയോധികൻ നിരപരാധിയാണെന്ന മൊഴിയിൽ പെൺകുട്ടി ഉറച്ചുനിന്നു.
പ്രതിക്കുവേണ്ടി അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ് എന്നിവർ ഹാജരായി.