കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കണം: വി.ഡി. സതീശന്
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ നടത്തം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്കു വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകളെയാണ് അകാരണമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജയിലിലടച്ചത്. സംഘപരിവാര്‍ മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു. അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര.
ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനിടെയാണ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തി ബിജെപി നേതാക്കള്‍ കേക്ക് വിതരണം ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തുപോയപ്പോള്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും സാധാരണക്കാര്‍ക്കും എന്തു സംഭവിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ നടക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണര്‍ അറിയിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. വ്യാജ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത്. എഫ്ഐആര്‍ തിരുത്തി ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അവര്‍ക്ക് ജാമ്യം നിഷേധിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വലിയ തോതിലുള്ള ആശങ്കയാണ് ഇന്ന് മതന്യൂനപക്ഷങ്ങള്ക്കുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളും വൈദികരും നമ്മുടെ രാജ്യത്ത് വലിയ തോതില്‍ സേവനം നടത്തുന്നവരാണ്. ആദിവാസി സമൂഹം അടക്കമുള്ള പീഡിതരും ദുഃഖിതരുമായ ജനങ്ങളുടെ ഇടയിലാണ് കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മതപരിവര്‍ത്തനമാണെന്നു പറയുന്നത് തലയ്ക്ക് വെളിവില്ലാത്തവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എന്‍. ശക്തന് തുടങ്ങിയവര്‍ പങ്കെടുത്തു.