യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ തുടര്‍നടപടികള്‍ കോടതി തടഞ്ഞു
Wednesday, July 30, 2025 1:42 AM IST
കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫര്സീന് മജീദിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിലെയും കാരണംകാണിക്കല്‍ നോട്ടീസിലെയും തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു.
മട്ടന്നൂര്‍ എഇഒ ഈ മാസം 15നു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്‍ക്രിമെന്റ് തടയാതിരിക്കാന്‍ കാരണം അറിയിക്കണമെന്ന മാനേജ്മെന്റിന്റെ നോട്ടീസും ചോദ്യം ചെയ്ത് കണ്ണൂര്‍ മട്ടന്നൂര്‍ കോലോലം യുപി സ്കൂള്‍ അധ്യാപകന് കൂടിയായ ഫര്സീന് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അസി. വിദ്യാഭ്യാസ ഓഫീസര്‍, സ്കൂള്‍ മാനേജര്‍ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാൻ ജസ്റ്റീസ് ടി.ആര്. രവി ഉത്തരവായി. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണു നിര്‍ദേശം.
കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 2022 ജൂണ്‍ 13ന് മുഖ്യമന്ത്രിയുടെ സഹയാത്രികരായിരുന്ന ഹര്‍ജിക്കാരനും മറ്റു ചിലരും ആക്രമിക്കാന്‍ ശ്രമിച്ചെന്നാണു കേസ്.