ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴല്‍നാടനെതിരേ ഇഡി അന്വേഷണം
Wednesday, July 30, 2025 1:42 AM IST
കൊച്ചി: ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴഎംഎല്എയുമായ മാത്യു കുഴല്നാടന് സ്ഥലം വാങ്ങിയതില്‍ കള്ളപ്പണ ഇടപാട് നടന്നോയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)അന്വേഷണം ആരംഭിച്ചു.
റിസോര്‍ട്ട് നിര്‍മാണത്തിനു സർക്കാര്‍സ്ഥലം കൈയേറിയെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്.പ്രാഥമികവിവരങ്ങളും ശേഖരിച്ചു. 2012ലാണ് ഒരേക്കര്‍ സ്ഥലം വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്. ഇതിനോടു ചേര്‍ന്ന് അരയേക്കര്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിനു പിന്നാലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.
അന്വേഷണം സ്വാഗതം ചെയ്യുന്നു: കുഴല്നാടന്
മൂവാറ്റുപുഴ : ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മാത്യു കുഴല്നാടന് എംഎല്‍എ. ജനങ്ങള്‍ കാണുന്നതിനും അപ്പുറമുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നത്. അതില്‍ നിന്നൊന്നും യാതൊരു ക്രമക്കേടും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഇഡിയെക്കൊണ്ട് അന്വേഷിക്കാന്‍ തുടങ്ങുന്നത്: മാത്യു കുഴല്നാടന് പറഞ്ഞു.