‘അമ്മ’യെ നയിക്കാൻ തലപ്പത്ത് സ്ത്രീയെങ്കില്‍ പിന്മാറാന് തയാര്‍: ജഗദീഷ്
Wednesday, July 30, 2025 1:42 AM IST
കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഒരു സ്ത്രീ വരുന്നെങ്കില്‍ മത്സരരംഗത്തുനിന്നു പിന്മാറാന് തയാറാണെന്ന് നടന് ജഗദീഷ്. “അമ്മയില്‍ സ്ത്രീപ്രാതിനിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.
മമ്മൂക്ക, മോഹന്‍ലാൽ, സുരേഷ്ഗോപി എന്നിവരൊക്കെയായി സംസാരിച്ചശേഷമാണു പ്രസിഡന്റ് സ്ഥാനത്തേക്കു നോമിനേഷന് കൊടുത്തത്. മത്സരത്തിന് എനിക്കു താത്പര്യമില്ലായിരുന്നു. ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് ധരിച്ചത്. മമ്മൂക്ക ഇപ്പോള്‍ ചെന്നൈയിലും മോഹന്‍ലാല്‍ ജപ്പാനിലും സുരേഷ്ഗോപി പാര്‍ലമെന്റ് യോഗങ്ങളുടെ തിരക്കിലുമാണ്.
അവര്‍ മൂവരും സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കും’’. ജഗദീഷ് ദീപികയോടു പറഞ്ഞു. ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു മത്സരാര്‍ഥികളാണുള്ളത്.
ജഗദീഷിനെക്കൂടാതെ ശ്വേത മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് മത്സരാര്‍ഥികള്‍.