സംഗീത കോളജിന് സര്‍ക്കാര്‍ സ്കൂള്‍ മൈതാനം: ഉത്തരവ് നീട്ടി
Thursday, July 31, 2025 1:54 AM IST
കൊച്ചി: സംഗീത കോളജ് തുടങ്ങാന്‍ സര്‍ക്കാര്‍ സ്കൂളിന്റെ മൈതാനം കോളജിയറ്റ് വകുപ്പിനു കൈമാറാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് ഹൈക്കോടതി നീട്ടി.
വിയ്യൂര്‍ രാമവര്‍മപുരം ഗവ. യുപി സ്കൂളിലെ രണ്ടര ഏക്കറോളം വരുന്ന കളിസ്ഥലം കൈമാറുന്നതു ചോദ്യം ചെയ്ത് പിടിഎ അംഗം ആര്.എ. ഫസീല, പൂര്‍വവിദ്യാര്‍ഥി ആലത്ത് ഗോപി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്. തത്സ്ഥിതി തുടരാന്‍ കഴിഞ്ഞയാഴ്ച മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു.
സ്കൂള്‍ മൈതാനം സര്‍ക്കാര്‍ മേഖലയിലെ സംഗീത കോളജ് നിര്‍മിക്കാനായി കോളജിയറ്റ് വകുപ്പിനു കൈമാറാന്‍ 2024 ഡിസംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ഹോക്കി ടീമംഗങ്ങളടക്കം ഒട്ടേറെ കായികതാരങ്ങളെ വാര്‍ത്തെടുത്ത സ്കൂള്‍ മൈതാനം ഇപ്പോഴും സ്കൂളിലെ കുട്ടികള്‍ ഉപയോഗിച്ചുവരുന്നതായി ഹര്‍ജിയില്‍ പറയുന്നു.
ഇതിനിടെ കുട്ടികള്‍ ഇവിടെ പ്രവേശിക്കുന്നത് വിയ്യൂര്‍ സിഐയുടെ നേതൃത്വത്തില്‍ തടയാന്‍ ആരംഭിച്ചു. തീരുമാനം പിന്‍വലിക്കാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.