ഓർത്തഡോക്സ് സഭ സൂനഹദോസ്
Wednesday, July 30, 2025 1:42 AM IST
കോട്ടയം: ബഹുസ്വരതയിൽ അഭിമാനം കൊള്ളുന്ന ഭാരതത്തിൽ, ഛത്തീസ്ഗഡ് സംഭവം ലോകരാജ്യങ്ങൾക്കു മുന്നിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതമേല്പിച്ചതായി മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സൂനഹദോസ്. ഛത്തീസ്ഗഡിലെ ദുർഗിൽ പോലീസിന്റെ കൺമുന്നിലാണ് മതഭ്രാന്തരുടെ ചോദ്യമുനകളാൽ രണ്ട് കന്യാസ്ത്രീകൾക്ക് മുറിവേറ്റത്.
മനുഷ്യക്കടത്ത്, നിർബന്ധത മതപരിവർത്തനംതുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടിയെ സൂനഹദോസ് അപലപിച്ചു.
മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്ഗഡ് സംഭവമെന്നും രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും സുന്നഹദോസ് വിലയിരുത്തി.
അശരണരെയും ആലംബഹീനരെയും കൈപിടിച്ചുയർത്തുക എന്നത് ക്രൈസ്തവധർമമാണെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. ആദിവാസി, ദളിത് സമൂഹങ്ങൾക്കിടയിൽ സമാനതകളില്ലാത്ത മിഷൻ പ്രവർത്തനമാണ് സഭകൾ നടത്തുന്നത്.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളിൽ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്നവരാണ്. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവർ രാജ്യത്തിന്റെ പുരോഗതിക്ക് തുരങ്കം വയ്ക്കുകയാണെന്നും ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീമാർക്ക് നീടതി ഉറപ്പാക്കണമെന്നും കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.