ഒരു ജീവൻകൂടി... ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന അടിച്ചു കൊന്നു
Wednesday, July 30, 2025 1:42 AM IST
മുണ്ടക്കയം ഈസ്റ്റ്: റബര്‍ തോട്ടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമൻ (64) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10.30നു പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പയിലാണ് സംഭവം.
പുരുഷോത്തമനും മകന് രാഹുലും ചേര്‍ന്ന് തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തിവരികയായിരുന്നു. ടാപ്പിംഗിനിടെ ആന പാഞ്ഞുവരുന്നതുകണ്ട രാഹുല്‍ ബഹളമുണ്ടാക്കിയെങ്കിലും പുരുഷോത്തമന് രക്ഷപ്പെടാനായില്ല. പുരുഷോത്തമനെ തുമ്പിക്കൈക്ക് അടിച്ചുവീഴ്ത്തിയശേഷം തൊട്ടുചേര്‍ന്ന തോട്ടത്തിലേക്ക് ആന ഓടിമറഞ്ഞു.
പുരുഷോത്തമനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏപ്രിലില്‍ റബര്‍ തോട്ടം പാട്ടത്തിനെടുക്കുമ്പോള്‍ സമീപപ്രദേശങ്ങളില്‍ കാട്ടാനശല്യമുള്ളതായി കേട്ടിട്ടുണ്ടെങ്കിലും ആനയെ നേരില്‍ കണ്ടിരുന്നില്ല.
മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ. ഇന്ദിരയാണ് പുരുഷോത്തമന്റെ ഭാര്യ. മക്കള്‍: പ്രശാന്ത്, രാഹുല്‍. മരുമക്കള്‍: അനു, ഹരിത.