ദുരൂഹസാഹചര്യത്തില്‍ സ്ത്രീകളെ കാണാതായ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
Thursday, July 31, 2025 1:54 AM IST
കോട്ടയം: ദുരൂഹസാഹചര്യത്തില്‍ രണ്ടു സ്ത്രീകളെ കാണാതായ കേസില്‍ റിമാന്‍ഡിലായ ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞദിവസം തുടരെ ചോദ്യം ചെയ്തിട്ടും ഇയാൾ അന്വേഷണസംഘത്തോടു സഹകരിച്ചിരുന്നില്ല.
തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോള്‍ രോഗവും ക്ഷീണവും ഓര്‍മക്കുറവും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായില്‍ ജെയിന് മാത്യു (ജെയ്നമ്മ-56) വിന്റേതാണെന്നാണു സൂചന.
സെബാസ്റ്റ്യന്റെ വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. സഹായിയായ ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. ആലപ്പുഴ സ്വദേശിനിയായ ബിന്ദു പത്മനാഭനെ 2002 മുതലാണു കാണാതായത്. 2024 ഡിസംബര്‍ 23നാണ് ജെയ്നമ്മയെ കാണാതായത്. പാലായില്‍ ധ്യാനത്തിനെന്നു പറഞ്ഞാണു ജെയ്നമ്മ വീട്ടില്‍ നിന്നിറങ്ങിയത്.
നാലു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതെ വന്നതോടെ ഭര്‍ത്താവ് അപ്പച്ചനും സഹോദരന് സാവിയോ മാണിയും പോലീസില്‍ പരാതി നല്കി. ഏപ്രിലില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. കാണാതായ ദിവസങ്ങളില്‍ ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ചേര്‍ത്തല പള്ളിപ്പുറത്തായിരുന്നുവെന്ന് കണ്ടെത്തി.
സെബാസ്റ്റ്യനും ജെയ്നമ്മയും തമ്മിലുള്ള ഫോണ്‍കോള്‍ രേഖകളും തെളിവായി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥി, ഡിവൈഎസ്പി സാജന് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു മൃതദേഹഭാഗങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.
ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എം.പി. ഷൗക്കത്തലിയാണ്. ബിന്ദുവിനെ 2002 മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി 2017ലാണ് സഹോദരന് പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്.