ബഥനി സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദിയാഘോഷ സമാപനം ശനിയാഴ്ച
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: മലങ്കര സുറിയാനി സഭയുടെ നവീകരണത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടി ആർച്ച്ബിഷപ് മാർ ഈവാനിയോസ് 1925 സെപ്റ്റംബർ 25ന് ആരംഭിച്ച ബഥനി സന്ന്യാസിനീ സമൂഹത്തിന്റെ ശതാബ്ദിവർഷ സമാപനം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് നടക്കും.
നാളെ പട്ടം സെന്റ് മേരീസ് മേജർ അതിഭദ്രാസന കത്തീഡ്രലിൽ ധന്യൻ മാർ ഈവാനിയോസിന്റെ കബർ ചാപ്പലിൽ സുവിശേഷസന്ധ്യയോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും.
ധൂപപ്രാർഥനയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നേതൃത്വം നൽകും. തുടർന്ന് ദേവാലയത്തിലേക്കുള്ള മെഴുകുതിരി പ്രദക്ഷിണവും സന്ധ്യാപ്രാർഥനയും. മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയുടെ ആരാധനയും തിരുവചന ധ്യാനവും.
ശനിയാഴ്ച രാവിലെ എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയും തുടർന്ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും ചേരും.
രാവിലെ 10.30ന് മദർ ഡോ. ആർദ്രാ എസ്ഐസിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ അനുഗ്രഹപ്രഭാഷണം നടത്തും.
മന്ത്രി വീണാ ജോർജ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നാലാഞ്ചിറ സെന്റ് ഗോരേത്തി സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായ ജയകുമാർ ഐഎഎസ്, റവ. ഡോ. സാജു ചക്കാലയ്ക്കൽ സിഎംഐ, റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ ഒസിഡി, ബഥനി സന്ന്യാസ സമൂഹം സുപ്പീരിയർ ജനറൽ റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ, അഡ്വ. ജോജോ കെ. ഏബ്രഹാം, മേരീ മക്കൾ സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ, മദർ ഡോ. ലിഡിയ ഡിഎം എന്നിവർ പ്രസംഗിക്കും.