സർക്കാർ ഇടപെട്ടില്ലെങ്കില്‍ വില വര്‍ധിപ്പിക്കും: കെഎച്ച്ആര്‍എ
Thursday, July 31, 2025 1:54 AM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ഹോട്ടല്‍ മേഖല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഹോട്ടല്‍ ഭക്ഷണവില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് മുന്നറിയിപ്പ് നല്കി.
പ്രവര്ത്തനച്ചെലവുപോലും ലഭിക്കാതെ കടബാധ്യതകള്‍മൂലം ഹോട്ടലുടമകള്‍ പ്രതിസന്ധിയിലാണ്. ജനജീവിതം ദുഃസഹമാക്കുന്ന തരത്തിൽ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചിട്ടും രാഷ്ട്രീയപാര്‍ട്ടികളുടെ നിസംഗത ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കെഎച്ച്ആര്‍എ സംസ്ഥാന യോഗം കുറ്റപ്പെടുത്തി.
അവശ്യസാധന വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, പിസിബി നിബന്ധനകള്‍ ലഘൂകരിക്കുക, അനധികൃത കച്ചവടസ്ഥാപനങ്ങള്ക്കെതിരേ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടറേറ്റുകള്‍ക്കു മുന്നിൽ പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കാന്‍ ഗോവയില്‍ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.