മനുഷ്യക്കടത്ത് ആരോപണം; തൃശൂരിൽ കന്യാസ്ത്രീമാരെ വിചാരണ കൂടാതെ കുറ്റമുക്തരാക്കി
Thursday, July 31, 2025 2:31 AM IST
തൃശൂർ: ഛത്തീസ്ഗഡിലേതിനു സമാനമായി മനുഷ്യക്കടത്ത് ആരോപിച്ച് 2021ൽ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്നു രണ്ടു കന്യാസ്ത്രീകളെ അടക്കം അഞ്ചുപേരെ ഒന്നാം അഡീഷണൽ സെഷൻസ് കോടതി വിചാരണ കൂടാതെ കുറ്റമുക്തരാക്കി.
വിചാരണയിലേക്കു കടക്കാൻ പാകത്തിനുള്ള തെളിവുകളില്ലാത്തതിനാൽ മനുഷ്യക്കടത്ത് ആരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി പ്രതിപ്പട്ടികയിൽനിന്ന് ഇവരെ പ്രഥമദൃഷ്ട്യാ ഒഴിവാക്കിയത്.
കേസിലെ നാലും അഞ്ചും പ്രതികളായിരുന്നു തൃശൂരിലെ വ്യത്യസ്ത മഠങ്ങളിലുണ്ടായിരുന്ന കന്യാസ്ത്രീകൾ. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജാർഖണ്ഡിൽനിന്ന് ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ തൃശൂരിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച മൂന്നു പെണ്‍കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് റെയിൽവേ പോലീസിനു കൈമാറിയിരുന്നു.
തൃശൂരിലെ കന്യാസ്ത്രീമഠങ്ങളിലേക്കു സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മികച്ച ജീവിതത്തിനുവേണ്ടിയാണ് കുട്ടികൾ മതാപിതാക്കളുടെ സമ്മതത്തോടെ വന്നതെന്നു പ്രതിസ്ഥാനത്തുള്ളവർ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് മനുഷ്യക്കടത്ത് കുറ്റം നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെ പ്രതിപ്പട്ടികയിൽ ചേർത്ത കന്യാസ്ത്രീകൾ അടക്കമുള്ളവരെ ജഡ്ജി കെ. കമനീസ് കുറ്റവിമുക്തരാക്കിയത്.
മനുഷ്യക്കടത്ത് സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) സെക്ഷൻ 370 ഉൾപ്പെടെ വിവിധ വകുപ്പുകൾപ്രകാരം ഫയൽ ചെയ്ത കേസ്, തെളിവുകളുടെ അഭാവത്തിൽ നിയമപരമായ പരിശോധനയിൽ നിലനിൽക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
കുറ്റപത്രത്തിലെ തെളിവുകൾ ശരിയല്ലെന്നും പെണ്‍കുട്ടികളെ കൊണ്ടുവന്നതു മാതാപിതാക്കളുടെ പൂർണസമ്മതത്തോടെയും മികച്ച ജീവിതം മുന്നിൽക്കണ്ടുള്ള സ്വന്തം ആഗ്രഹപ്രകാരവുമാണെന്നും കോടതി കണ്ടെത്തി. ബലപ്രയോഗം, ലൈംഗികചൂഷണം അല്ലെങ്കിൽ നിർബന്ധിത തൊഴിൽ എന്നിവയ്ക്കു തെളിവുകളും ഹാജരാക്കിയിട്ടില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു.