ദുര്ഗിലേത് സര്‍ക്കാര്‍ ഒത്താശയോടെയുള്ള മതപീഡനം: കെസിവൈഎം
Wednesday, July 30, 2025 1:42 AM IST
കൊച്ചി: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അതിഹീനവും ജനാധിപത്യ സംവിധാനത്തിന് അപമാനകരവുമെന്ന് കെസിവൈഎം സംസ്ഥാന സമിതി.
അറസ്റ്റ് നാടകം ഇന്ത്യയിലെ മതേതരത്വത്തിനെതിരേയുള്ള വെല്ലുവിളിയും പൗരാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലില്‍ അധ്യക്ഷത വഹിച്ചു.
തീവ്രഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ അടിസ്ഥാനരഹിതമായ ആരോപണത്തിനു മേല്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലൂടെ മതപീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കേവലം കരാറുകാര്‍ മാത്രമായി സര്‍ക്കാരും പോലീസും മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മൗനം അവലംബിക്കുന്നത് ഇത്തരം വര്‍ഗീയവാദികള്‍ക്കുള്ള പരോക്ഷ പിന്തുണ കൂടിയാണെന്ന് യോഗം വിലയിരുത്തി.
ഈ നടപടി രാജ്യത്തെ മതസൗഹാര്‍ദവും സ്നേഹബന്ധങ്ങളും തകര്‍ക്കുന്നതാണെന്നും കുറ്റവാളികളായവര്‍ ഇത്തരം പ്രവൃത്തികളില്‍നിന്ന് പിന്മാറണമെന്നും സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള ആവശ്യപ്പെട്ടു.
ചില സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനെയും വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതിനെയും ന്യായീകരിക്കാനാകില്ല. സര്‍ക്കാരുകള്‍ ജനങ്ങളുടെയും ഭരണഘടനയുടെയും സംരക്ഷകരായി നിലകൊള്ളണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
പാലാരിവട്ടം പിഒസിയില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോബിന് ജോസ്, അസി. ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. നോര്‍ബര്‍ട്ട തുടങ്ങിയവർ പ്രസംഗിച്ചു.