ഉരുള്‍ബാധിത കുട്ടികളുടെ വ്യക്തിഗത ശ്രദ്ധാപദ്ധതി ; രാജഗിരി കോളജിന്റെ പദ്ധതി നടപ്പാക്കാന്‍ അനുമതി
Thursday, July 31, 2025 1:54 AM IST
കോഴിക്കോട്: വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിതരായ കുട്ടികളുടെ ഉന്നമനത്തിനായി യൂണിസെഫിന്റെ സഹകരണത്തോടെ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് തയാറാക്കിയ വ്യക്തിഗത ശ്രദ്ധാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി. വയനാട്ടിലെ 25 കുട്ടികളുടെ പുനരധിവാസത്തിനായി രാജഗിരി കോളജ് തയാറാക്കിയ പദ്ധതി വനിതാ ശി ശു വികസന വകുപ്പ് മുഖേന സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഏതൊക്കെ മേഖലകളിലാണ് സഹായം ആവശ്യമുള്ളതെന്നു വ്യക്തിഗതമായി വിലയിരുത്തി ഓരോ കുട്ടിക്കും 21 വയസുവരെ സഹായം അനുവദിക്കുന്നതിനുള്ള പ്രതീക്ഷിത ചെലവ് പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
2024 ല്‍ വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിനിരയായ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രകൃതി ദുരന്തത്തെതുടര്‍ന്ന് മാതാപിതാക്കള്‍ ഇരുവരുമോ ഒരാളോ അതല്ലെങ്കില്‍ പ്രധാന വരുമാനദായകന്‍ നഷ്ടപ്പെട്ടതോ ആയ കുട്ടികളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കിയിരിക്കുന്നത്.
ഉരുള്ദുരിതത്തിനിരയായ കുട്ടികള്‍ക്ക് കോര്‍പറേറ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പുനരധിവാസം ഒരുക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നുണ്ട്. അതിനിടെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ പദ്ധതിയെ യൂണിസെഫ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. ഇതുസംബന്ധിച്ച യൂണിസെഫിന്റെ എക്സ് പോസ്റ്റ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ പ്രകൃതി ദുരന്തം നേരിട്ട് അനുഭവിച്ച 400 കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഈ കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് എസ്എസ്കെയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്.