‘അമ്മ’തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, വനിതാ പ്രസിഡന്റിനു സാധ്യത
Thursday, July 31, 2025 1:54 AM IST
കൊച്ചി: താരസംഘടന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന് ജഗദീഷ് പിന്മാറി. പ്രസിഡന്റുസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ഇന്ന് പത്രിക പിന്‍വലിക്കും. ഇതോടെ സംഘടനയ്ക്കു വനിതാ പ്രസിഡന്റിനെ ലഭിക്കുന്നതിനുള്ള സാധ്യതയേറി.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവരോടടക്കം ചര്‍ച്ച ചെയ്തശേഷമാണു ജഗദീഷിന്റെ പിന്മാറ്റം. ഇതോടെ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ എണ്ണം നാലായി. പത്രിക സമര്‍പ്പിച്ചിരുന്ന രവീന്ദ്രന് കഴിഞ്ഞദിവസം മത്സരത്തില്‍നിന്നു പിന്മാറിയിരുന്നു. നിലവില്‍ ശ്വേത മേനോന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണു പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍.
ഇത്തവണ വനിതാ പ്രസിഡന്റ് മതിയെന്ന സംഘടനയിലെ പൊതുവികാരമാണു ശ്വേതാ മേനോന് അനുകൂലമാകുന്നത്. വനിതാ പ്രസിഡന്റ് വരട്ടേയെന്ന തരത്തില്‍ പലരും പരസ്യ അഭിപ്രായവും പങ്കുവച്ചിരുന്നു. ശ്വേത ജയിച്ചാല്‍ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും.
പത്രിക പിന്‍വലിച്ച രവീന്ദ്രന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കും. ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന പ്രമുഖന്. കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
ബാബുരാജ് പിന്മാറണമെന്ന ആവശ്യം ശക്തം
കൊച്ചി: ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു നടന് ബാബുരാജ് പിന്മാറണമെന്ന ആവശ്യം ശക്തം. നടീ-നടന്മാരുടെ പരസ്യപ്രതികരണങ്ങള്‍ക്കു പിന്നാലെ സമൂഹമാധ്യമങ്ങളിലും ബാബുരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് താരങ്ങള്‍.
ആരോപണവിധേയര്‍ മാറി നില്‍ക്കണമെന്ന പൊതു അഭിപ്രായം മുന്‍നിര്‍ത്തിയാണ് താരങ്ങളുടെ പ്രതികരണം. അതേസമയം, വിഷയത്തില്‍ ബാബുരാജ് ഇനിയും പ്രതികരിച്ചിട്ടില്ല.
ആരോപണവിധേയനായയാൾ മത്സരത്തില്‍നിന്നു മാറിനില്‍ക്കണമെന്ന് നടിമാരായ മല്ലിക സുകുമാരന്‍, മാലാ പാര്‍വതി, നടന് അനൂപ് ചന്ദ്രന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബുവും ബാബുരാജ് പിന്മാറണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
താന്‍ ആരോപണവിധേയനായിരുന്നപ്പോള് തെരഞ്ഞെടുപ്പില്‍നിന്നു മാറിനിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
ബാബുരാജിനെതിരേ ഒന്നിലധികം കേസുകള്‍ നിലവിലുള്ളതിനാല്‍ അവ കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അദ്ദേഹം മാറിനില്‍ക്കണം. ഇതു വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്കു നല്‍കണമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
പിന്മാറില്ലെന്ന് ദേവന്
കൊച്ചി: ‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറില്ലെന്ന് നടന് ദേവന്. പ്രസിഡന്റ് സ്ഥാനത്തേക്കാണു മത്സരിക്കുന്നത്. സംഘടനയിലെ അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്.
എല്ലാവരും താന്‍ മത്സരിക്കുന്നതില്‍ താത്പര്യം അറിയിച്ചു. പൊരുതാനാണു തന്റെ തീരുമാനമെന്നും ജയപരാജയങ്ങള്‍ രണ്ടാമതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തിന് ഒപ്പം വരാമെന്ന് ഏറ്റിരുന്ന ചില അംഗങ്ങള്‍ അവസാനനിമിഷം പിന്മാറി.മാധ്യമങ്ങളെ കാണുന്നതില്‍നിന്നു പിന്മാറണമെന്ന് ആരോ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. ‘അമ്മ’ ഒരു സ്വകാര്യ പ്രസ്ഥാനമാണെന്നും അവിടുത്തെ കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതല്ലെന്നുമാണ് അവരുടെ നിലപാട്. മാധ്യമങ്ങളെ കണ്ടതിന്റെ പേരില്‍ നോമിനേഷന് റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായി നേരിടും. -ദേവൻ പറഞ്ഞു.
ഇത്രയും കാലത്തിനിടെ ഒരിക്കല്‍ പോലുമുണ്ടാകാത്ത പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നത്. 31 വര്‍ഷത്തിനിടെ 248 കോടിയോളം രൂപ സ്വരൂപിച്ച ‘അമ്മ’യില്‍ ഇപ്പോള്‍ ബാക്കിയുള്ളത് എട്ടു കോടിയാണ്. ബാക്കി തുക മുഴുവനും അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും ദേവന് പറഞ്ഞു.
അന്തിമ ചിത്രം ഇന്നറിയാം
‘അമ്മ’യിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സരചിത്രം ഇന്നറിയാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ അവസാനിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.