കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് എൻഐഎ കോടതിയിലേക്ക്
Thursday, July 31, 2025 2:31 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ കഴിഞ്ഞ ആറു ദിവസമായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143 പ്രകാരമുള്ള കുറ്റം പരിഗണിക്കാൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതിയുടെ നടപടി. കേസിൽ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു.
ഇതോടെ കന്യാസ്ത്രീകൾ ഇന്നലെ ജാമ്യത്തിലിറങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കന്യാസ്ത്രീകൾക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നതിനടക്കമുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കേസിലെ പരാതിക്കാരൻ രവി നിഗം കോടതിയിൽ പറഞ്ഞു.
മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങൾ എൻഐഎ കോടതികളാണു പരിഗണിക്കേണ്ടതെന്ന 2020ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎ കോടതിയിലേക്കു മാറ്റിയത്. എൻഐഎ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ കേട്ടശേഷം മാത്രമേ പ്രത്യേക ജഡ്ജിക്ക് വിധി പറയാൻ സാധിക്കൂ.
അതോടൊപ്പം പ്രഥമദൃഷ്ട്യാ ഈ കേസ് നിലനിൽക്കുന്നില്ല എന്നു തോന്നുന്നതായി ജഡ്ജി രേഖപ്പെടുത്തുകയും ചെയ്യണം. അങ്ങനെയെങ്കിൽ മാത്രമേ കന്യാസ്ത്രീകൾക്കു ജാമ്യത്തിൽ പുറത്തിറങ്ങാൻ സാധിക്കൂ.
ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതി സമാന കാര്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. എഫ്ഐആറിൽ ചുമത്തിയ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെയും നടപടി.
എൻഐഎയുടെ പരിധിയിൽ വരുന്ന കുറ്റമാണ് കന്യാസ്ത്രീമാർക്കെതിരേയുള്ള എഫ്ഐആറിൽ ചുമത്തിയിരിക്കുന്നതെങ്കിൽ അനധികൃത കസ്റ്റഡിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി.