ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യവും പറഞ്ഞില്ല: മോദി
Wednesday, July 30, 2025 1:43 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ലോകത്തിലെ ഒരു രാജ്യവും പറഞ്ഞിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നഷ്ടങ്ങൾ നേരിട്ടതിനുശേഷം, പാകിസ്ഥാന്റെ ഡിജിഎംഒ അഭ്യർഥിച്ചു. ഇനി ഞങ്ങളെ അടിക്കരുത്. ഞങ്ങൾക്കിനി സഹിക്കാൻ കഴിയില്ലെന്നു പറഞ്ഞു.
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് അറുതി വരുത്താൻ മാധ്യസ്ഥ്യം വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദം അദ്ദേഹത്തിന്റെ പേരു പരാമർശിക്കാതെ മോദി തള്ളി.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ലോക്സഭയിൽ നടന്ന രണ്ടു ദിവസത്തെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മോദി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, എസ്. ജയശങ്കർ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഗൗരവ് ഗൊഗോയി തുടങ്ങിയ പ്രമുഖരെല്ലാം ചൂടേറിയ ചർച്ചയിൽ പങ്കെടുത്തു.
പ്രസംഗിക്കാതെ ശ്രദ്ധേയനായ ശശി തരൂരിനെ പരാമർശിച്ച്, ചിലരെ പ്രസംഗിക്കുന്നതിൽ നിന്നു കോണ്ഗ്രസ് വിലക്കിയെന്നും രണ്ടു മണിക്കൂറിലേറെ നീണ്ട മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതലുള്ള കോണ്ഗ്രസ് സർക്കാരുകളെ വീണ്ടും വിമർശിക്കാനും മോദി മറന്നില്ല. സിന്ധു നദീജല കരാർ രാജ്യത്തോടുള്ള വഞ്ചനയായിരുന്നു. ഈ ഉടന്പടി ഒപ്പുവച്ചില്ലെങ്കിൽ, പടിഞ്ഞാറൻ നദിയിൽ പ്രധാന പദ്ധതികൾ ഉണ്ടാകുമായിരുന്നു.
പാക് അധിനിവേശ കാഷ്മീർ എന്തുകൊണ്ട് തിരിച്ചുപിടിച്ചില്ല എന്നു തന്നോടു ചോദിക്കുന്നവരുണ്ട്. അധിനിവേശ കാഷ്മീർ പിടിച്ചെടുക്കാൻ പാക്കിസ്ഥാനെ അനുവദിച്ചത് ആരുടെ സർക്കാരാണെന്ന് അവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നു.
ഐക്യരാഷ്ട്രസഭയിൽ മൂന്നു രാജ്യങ്ങൾ മാത്രമാണു പാക്കിസ്ഥാനെ അനുകൂലിച്ചു സംസാരിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ഭീകരതയുടെ യജമാനന്മാർക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് മോദി പറഞ്ഞു. അവരെ കണ്ടെത്തി കൊല്ലുമെന്ന് അവർക്കറിയാം. ഇതാണ് ഇന്ത്യയുടെ പുതിയ സാധാരണത്വം (ന്യൂ നോർമൽ).
പാക്കിസ്ഥാനെതിരായ വിജയത്തിന്റെ ആഘോഷമാണു പാർലമെന്റ് സമ്മേളനം. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിരോധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി. പ്രതിപക്ഷ നേതാക്കൾക്കു മാധ്യമങ്ങളിൽ തലക്കെട്ടു നേടാനേ കഴിയൂ. പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിയില്ല.-മോദി പറഞ്ഞു.
പാക്കിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് അവരെ വിളിച്ചറിയിച്ചതും അവരുടെ സൈനിക, വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കരുതെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം നൽകിയ നിയന്ത്രണം മൂലമാണു വിമാനങ്ങൾ നഷ്ടപ്പെട്ടതെന്നും രാഹുൽ ഇന്നലെ ലോക്സഭയിൽ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, രാഷ്ട്രീയ നേട്ടങ്ങൾക്കായി കോണ്ഗ്രസ് നേതാക്കൾ തന്നെ ലക്ഷ്യം വച്ചെന്നു മോദി ആരോപിച്ചു. അവരുടെ നിസാരമായ പ്രസ്താവനകൾ നമ്മുടെ ധീരസൈനികരെ നിരുത്സാഹപ്പെടുത്തുന്നതിൽ കലാശിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്ഗ്രസ് ഇപ്പോൾ പാകിസ്ഥാന്റെ റിമോട്ട് കണ്ട്രോൾ വഴിയാണു പ്രവർത്തിക്കുന്നതെന്നു മോദി ആരോപിച്ചു.