ഫ്രണ്ടിനു ട്രംപ് വക... ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തി യുഎസ്
Thursday, July 31, 2025 2:31 AM IST
വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ചർച്ച തുടരുന്നതിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിയിൽ 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെള്ളിയാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റിന്റെ സമൂഹമാധ്യമ കൂട്ടായ്മയായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച 26 ശതമാനം തീരുവ പിന്നീട് ഓഗസ്റ്റ് ഒന്നുവരെ മരവിപ്പിക്കുകയായിരുന്നു. ഇത്തവണ തീരുവയിൽ ഒരു ശതമാനം കുറച്ച് 25 ശതമാനം ആക്കിയിട്ടുണ്ടെന്നു മാത്രം.
റഷ്യയുടെ ഭൂരിഭാഗവും സൈനികോപകരണങ്ങളും എണ്ണയും വാങ്ങുന്നതിനാലാണ് 25 ശതമാനമോ അതിലേറെയോ തീരുവ ചുമത്തിയിരിക്കുന്നതെന്ന് ട്രംപ് ന്യായീകരിച്ചു. “റഷ്യയിൽനിന്ന് ഇന്ത്യ സൈനികോപകരണങ്ങളും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നു. യുഎസുമായുള്ള ദീർഘകാല വ്യാപാരബന്ധത്തിലാകട്ടെ ഒട്ടേറെ തടസങ്ങളും’’- ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്നുപറഞ്ഞ് തുടങ്ങിയ പ്രഖ്യാപനത്തിൽ ആരോപിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും മോശവുമായ വ്യാപാരനിലപാടുകളാണ് ഇന്ത്യയിൽ. ഇതുമൂലം ഏതാനും വർഷമായി ഇന്ത്യയുമായുള്ള വ്യാപാരം കുറഞ്ഞതോതിലാണ് നടക്കുന്നത്- ട്രംപ് കുറ്റപ്പെടുത്തി.
ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം അടുത്തമാസം ഇന്ത്യയില്‍ എത്താനിരിക്കെയാണു തീരുവ ചുമത്തുന്നതായി യുഎസ് പ്രസിഡന്റിന്റെ അറിയിപ്പ്.
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ വ്യാപാരക്കരാറിനുള്ള തീരുമാനമെടുത്തെങ്കിലും ഏകദേശ ധാരണ ഇതുവരെ രൂപപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ അഞ്ചുതവണ ചർച്ച പൂർത്തിയായെന്നു മാത്രം. തുടർചർച്ചകൾക്കായി യുഎസ് സംഘം അടുത്തമാസം 25ന് ഇന്ത്യയിലെത്തുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
വ്യാപാരക്കരാർ കടലാസിൽ തുടരുന്നതിനാൽ ഇന്ത്യക്കെതിരേ 20 മുതല്‍ 25 ശതമാനം വരെ തീരുവ ചുമത്തുമെന്ന് കഴിഞ്ഞദിവസം ട്രംപ് സൂചന നല്‍കിയിരുന്നു. വ്യാപാരകരാറിൽ കൂടുതൽ ഒത്തുതീർപ്പുകൾ വേണ്ടിവരുമെന്നാണ് യുഎസ് നിലപാട്.
യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യൻ വിപണി തുറന്നുനല്‍കണം എന്നതുൾപ്പെടെ ആണിത്. എന്നാല്‍ കാര്‍ഷിക-ക്ഷീര മേഖലകളില്‍ തട്ടി ചർച്ചകൾ മുന്നോട്ടുപോകുന്നില്ല. ഈ മേഖല തുറന്നു നൽകുന്നതിൽ കേന്ദ്രം ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ദേശീയതാത്പര്യം സംരക്ഷിക്കും: ഇന്ത്യ
ന്യൂഡല്‍ഹി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുകയാണെന്നും ദേശീയതാത്പര്യം സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം. യുഎസുമായി ഫലപ്രദമായൊരു വ്യാപാരകരാറാണു ലക്ഷ്യമെന്നും മന്ത്രാലയം പ്രതികരിച്ചു.