എൻകൗണ്ടർ സ്പെഷലിസ്റ്റ് ദയ നായകിന് എസിപി റാങ്ക്
Wednesday, July 30, 2025 1:42 AM IST
മുംബൈ: 1990ൽ മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും ഗുണ്ടാ സംഘങ്ങളെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനു പോലീസിലെ എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നു പേരു ലഭിച്ച ബാന്ദ്ര ക്രൈംബ്രാഞ്ചിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ദയ നായിക്കിന് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പദവി നല്കി.
1995ൽ മുംബൈ പോലീസിൽ ചേർന്ന ദയ നായിക്, ക്രൈംബ്രാഞ്ചിന്റെ ബാന്ദ്ര യൂണിറ്റിലാണ് പ്രവർത്തിച്ചുവന്നത്. 2006ൽ ദയയ്ക്കെതിരേ അഴിമതിവിരുദ്ധ ബ്യൂറോ അനധികൃത സ്വത്തുസന്പാദനക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് ക്ലീൻ ചിറ്റ് നല്കി.
മുകേഷ് അംബാനിയുടെ വസതിക്കു മുന്നിലെ സുരക്ഷാചുമതല മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡ് ഏറ്റെടുത്തപ്പോൾ സുരക്ഷാ ഗാർഡായും താനെയിലെ പ്രമുഖ വ്യവസായി മൻസുഖ് ഹിരണിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘത്തിലും ദയ നായിക് ഉണ്ടായിരുന്നു.