നിയമപഠനം: പ്രതികരണം തേടി സുപ്രീംകോടതി
Wednesday, July 30, 2025 1:42 AM IST
ന്യൂഡൽഹി: രാജ്യത്തെ നിയമപഠനം നവീകരിക്കുന്നതിനു കമ്മീഷൻ രൂപീകരിക്കണമെന്ന പൊതുതാത്പര്യഹർജിയിൽ കേന്ദ്രത്തിന്റെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും യുജിസിയുടെയും ലോ കമ്മീഷന്റെയും പ്രതികരണം തേടി സുപ്രീംകോടതി.
എൽഎൽബി, എൽഎൽഎം കോഴ്സുകളുടെ പാഠ്യരീതി ഉൾപ്പെടെ പുനഃപരിശോധിക്കുന്നതിൽ സെപ്റ്റംബർ ഒന്പതിനകം മറുപടി നൽകണമെന്നാണ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.
ബിരുദപഠനം നാലു വർഷമാക്കിയ പുതിയ വിദ്യാഭ്യാസ നയം നിയമപഠനത്തിലും ബാധകമാക്കണമെന്ന് പൊതുതാത്പര്യഹർജി നൽകിയ അശ്വനി കുമാർ ഉപാധ്യായ ആവശ്യപ്പെട്ടു. ബിരുദവും അതിനുശേഷമുള്ള നിയമപഠനവും വിദ്യാർഥികൾക്ക് കൂടുതൽ അധ്യയനവർഷം നഷ്ടപ്പെടുത്തുന്നതിനു കാരണമാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.