പഹൽഗാമിലെ മൂന്നു ഭീകരരെ വധിച്ചു; കോണ്‍ഗ്രസിനു സന്തോഷമില്ല: അമിത് ഷാ
Wednesday, July 30, 2025 1:43 AM IST
ന്യൂഡൽഹി: പഹൽഹാമിൽ നിഷ്കളങ്കരായ 26 പേരുടെ ജീവനെടുത്ത മൂന്നു ഭീകരരും കൊല്ലപ്പെട്ടുവെന്നും എന്നാൽ കോണ്‍ഗ്രസുകാർക്കു മാത്രം അതിൽ സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രധാനമന്ത്രി മോദി ഉചിതമായ മറുപടി നൽകിയെന്നും ലോക്സഭയിൽ ഇന്നലെ പഹൽഗാം, സിന്ദൂർ ചർച്ചയിൽ ഷാ പറഞ്ഞു.
ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചു. സുലൈമാൻ എന്ന ഫൈസൽ ജാട്ട്, അഫ്ഗാൻ, ജിബ്രാൻ എന്നീ ഭീകരരെയാണു വധിച്ചത്. ലഷ്കർ-ഇ-തൊയ്ബയുടെ എ ഗ്രേഡ് തീവ്രവാദികളായിരുന്നു മൂവരും.
പഹൽഗാം ഭീകരാക്രമണത്തിലും മറ്റു ഭീകരാക്രമണങ്ങളിലും സുലൈമാൻ ഉൾപ്പെട്ടിട്ടുണ്ടെന്നതിനു തെളിവു കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പാർലമെന്റിൽ അറിയിച്ചു. പഹൽഗാമിൽ കൊല്ലപ്പെട്ട സാധാരണക്കാർക്കു വേണ്ടി പ്രതികാരം ചെയ്യുന്നതിനായാണു മൂന്നു തീവ്രവാദികളെയും വധിച്ചത്.
തീവ്രവാദികൾക്ക് ബഷീർ, പർവേസ് എന്നിവർ അഭയം നൽകിയിരുന്നു. ഇവരോടൊപ്പം ഭീകരർ താമസിച്ചു. പിന്നീട് എകെ -47, എംഐ -9 കാർബൈഡ് തോക്കുകളുമായി ഭീകരർ കാൽനടയായി ബൈസരനിലേക്കു പോയതായി കണ്ടെത്തി. ഇപ്പോൾ മൂന്നു ഭീകരരെയും വധിക്കുകയും അവർക്ക് അഭയം നൽകിയ നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എൻഐഎ കസ്റ്റഡിയിലുള്ള നാലുപേരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം സ്ഥിരീകരിക്കുന്നതിനായി കാണിച്ചു.
പഹൽഗാമിലെ പുൽമേട്ടിൽ ഉണ്ടായിരുന്നത് ഈ മൂന്നു പേരാണെന്ന് അവർ സ്ഥിരീകരിച്ചു. പഹൽഗാമിൽനിന്നുള്ള ഫോറൻസിക് ബാലിസ്റ്റിക് റിപ്പോർട്ടുകളും തത്സമയ വെടിമരുന്നു പരിശോധനകളും ഉപയോഗിച്ചു തീവ്രവാദികളിൽനിന്നു കണ്ടെത്തിയ ആയുധങ്ങൾ ഒന്നുതന്നെയാണെന്നു സ്ഥിരീകരിച്ചു.
2025 മേയ് 22ന് കൊലപാതകം നടന്ന രാത്രിയിലാണ് ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചത്. ആക്രമണം നടന്ന ദിവസം ശ്രീനഗറിൽ ഉണ്ടായിരുന്നു. മേയ് 30ന് സുരക്ഷായോഗം ചേർന്നു.
രാജ്യത്തുനിന്നു രക്ഷപ്പെടാൻ ഭീകരരെ അനുവദിക്കില്ലെന്നു തീരുമാനിച്ചു. മേയ് 22നും ജൂലൈ 22നുമിടയിൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, സെൻസറുകളുടെ സിഗ്നലുകൾ പിടിച്ചെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കുന്നുകളിലൂടെ നടന്നു. ജൂലൈ 22ന് ഭീകരസാന്നിധ്യം സ്ഥിരീകരിച്ചുവെന്നും അമിത് ഷാ വിശദീകരിച്ചു.
പഹൽഗാം ആക്രമണത്തിനുശേഷം 1055ലധികം സാക്ഷികളെ എൻഐഎ ചോദ്യം ചെയ്തു. ജമ്മു കാഷ്മീർ പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണു ഓപ്പറേഷൻ നടത്തിയത്. നാട്ടുകാരായ അഞ്ചുപേരുടെ സഹായവുമുണ്ടായിരുന്നു.
ഭീകരരുടെ പാക്കിസ്ഥാനിലെ വോട്ടർ ഐഡി, തോക്ക് ലൈസൻസുകൾ, പാക്കിസ്ഥാൻ നിർമിത ചോക്ലേറ്റുകൾ എന്നിവ സർക്കാരിന്റെ കൈവശമുണ്ട്. പക്ഷേ തെളിവില്ലാതെ എന്തിനാണു പാക്കിസ്ഥാനെ ആക്രമിച്ചതെന്ന് പി. ചിദംബരം ചോദിക്കുന്നു.
മുൻ ആഭ്യന്തരമന്ത്രി പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ 130 കോടി പൗരന്മാരും നിങ്ങളോടു ക്ഷമിക്കില്ലെന്ന് ഷാ പറഞ്ഞു.