കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് ; പാർലമെന്റിൽ വൻ പ്രതിഷേധം
Thursday, July 31, 2025 2:31 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന രണ്ടു മലയാളി കന്യാസ്ത്രീകളുടെ മോചനം എത്രയും വേഗം സാധ്യമാക്കാൻ കഴിയുന്ന പിന്തുണ നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, കെ. ഫ്രാൻസിസ് ജോർജ് എന്നിവരാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടൽ അഭ്യർഥിച്ചത്. വിഷയം മനസിലാക്കിയിട്ടുണ്ടെന്നും കന്യാസ്ത്രീകളോടു സഹതാപമുണ്ടെന്നും അമിത ഷാ പറഞ്ഞു.
അതേസമയം, ഇല്ലാത്ത കുറ്റം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാർലമെന്റിനു പുറത്തും പ്രതിപക്ഷ പ്രതിഷേധം ഇന്നലെയും ശക്തമായി. കന്യാസ്ത്രീകളെ വിട്ടയക്കുക, ഗുണ്ടകളെ അറസ്റ്റ് ചെയ്യുക എന്നെഴുതിയ പ്ലക്കാർഡുകളുമായാണു പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പ്രതിഷേധിച്ചത്.
എന്നാൽ, കന്യാസ്ത്രീമാരുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽനിന്നുള്ള ബിജെപി എംപി വിജയ് ബാഗേൽ ലോക്സഭയിൽ പ്രസ്താവന നടത്തി. ഇതിനെതിരേയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമുയർത്തി.
ബാഗേലിന്റെ പ്രസ്താവനയ്ക്കു മുന്പായി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് എന്നിവർ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരേ ശക്തമായ വാദമുയർത്തി. ഇവർക്കു പുറമെ അടൂർ പ്രകാശ്, ബെന്നി ബെഹനാൻ തുടങ്ങിയവർ ലോക്സഭയിലും ഹാരിസ് ബീരാൻ എംപി രാജ്യസഭയിലും പ്രശ്നത്തിൽ നോട്ടീസ് നൽകിയിരുന്നു.
കന്യാസ്ത്രീകളെ നേരിൽ കാണാൻ ഛത്തീസ്ഗഡിലായതിനാലാണു രാജ്യസഭയിൽ ഇക്കാര്യം ഇന്നലെ ഉന്നയിക്കാൻ കഴിയാതെപോയതെന്നു ജോസ് കെ. മാണി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നലെ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കന്യാസ്ത്രീകളുടെ മോചനം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ സഹായം രാജീവും പി.കെ. കൃഷ്ണദാസും അഭ്യർഥിച്ചു.