ധർമസ്ഥല കേസ് : മൃതദേഹങ്ങൾ മറവു ചെയ്തതായി പറയുന്ന ഇടങ്ങളിൽ പരിശോധന തുടങ്ങി
Wednesday, July 30, 2025 1:42 AM IST
മംഗളൂരു: ധർമസ്ഥലയിൽ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട യുവതികളുടെയും വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തതായി മുൻ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയ ഇടങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ കുഴിച്ച് പരിശോധന തുടങ്ങി.
പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെട്ട ഡിഐജി എം.എൻ. അനുചേത്, എസ്പി ജിതേന്ദ്രകുമാർ ദയാമ, പുത്തൂർ അസി. കമ്മീഷണർ (സബ് കളക്ടർ) സ്റ്റെല്ലാ വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സനികം എന്നിവരുടെ സാന്നിധ്യത്തിലാണു പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച ഇടങ്ങളിൽ കുഴിച്ചു പരിശോധന തുടങ്ങിയത്. പരാതിക്കാരനെ മുഖംമറച്ചുതന്നെയാണു സ്ഥലത്തെത്തിച്ചത്.
ധർമസ്ഥല പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളാണ് മണ്ണ് കുഴിച്ച് പരിശോധന നടത്തുന്നത്. ഫോറൻസിക് വിദഗ്ധരും കർണാടക പോലീസിന്റെ ആന്റി നക്സൽ സ്ക്വാഡും പഞ്ചായത്ത്, റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
വനഭൂമിയായതിനാലും അവശിഷ്ടങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാലും ജെസിബി പോലുള്ള സംവിധാനങ്ങൾ എത്തിച്ചിട്ടില്ല. പിന്നീട് നിയമപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മുൻനിർത്തി പരിശോധന നടത്തുന്നതിന്റെ എല്ലാ ഘട്ടങ്ങളും ഡ്രോൺ കാമറ ഉപയോഗിച്ച് വീഡിയോയിൽ പകർത്തുന്നുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാൽ ആദ്യദിനത്തിൽ പരിശോധനയ്ക്കു വേഗം കുറവായിരുന്നു.
നേത്രാവതി പുഴയോരത്തെ സ്നാനഘട്ടത്തിനു സമീപമുള്ള സ്ഥലത്താണ് ഇന്നലെ ആദ്യമായി പരിശോധന നടത്തിയത്. ആകെ 13 സ്ഥലങ്ങളാണ് ഇതുവരെ പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതിൽ എട്ടു സ്ഥലങ്ങൾ നേത്രാവതി പുഴയോരത്തും ബാക്കിയുള്ളവ ധർമസ്ഥല വനഭൂമിയിലൂടെ കടന്നുപോകുന്ന റോഡുകളുടെ സമീപത്തുമാണ്.
ആദ്യസ്ഥലത്തുനിന്ന് അവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെങ്കിലും ബാക്കി സ്ഥലങ്ങൾകൂടി കുഴിച്ചു പരിശോധിക്കാനാണു പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.