പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കന്യാസ്ത്രികൾക്കു നേരെ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിലും പോലീസ് ചുമത്തിയ കള്ളക്കേസിനുമെതിരെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായി പ്രതിഷേധമുയർത്തി എംപിമാർ.
സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ ഇരു സഭകളിലും നോട്ടീസ് നൽകി. രാവിലെ സഭ നടപടികൾ ആരംഭിച്ചപ്പോൾ എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ലോക്സഭയിലെ പ്രതിഷേധത്തിനിടയിൽ ആന്റോ ആന്റണി എംപി പേപ്പർ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്പ് കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, എൻ.കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് എംപിമാരുടെ സംഘവും തൊട്ടുപിന്നാലെ ഇടതു എംപിമാരായ വി.ശിവദാസൻ, എ.എ റഹിം, ജോണ് ബ്രിട്ടാസ്, കെ. രാധാകൃഷ്ണൻ, സന്തോഷ് കുമാർ, ആർ. സച്ചിദാനന്ദം എന്നിവരും പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു.