ഭീകരർ എങ്ങിനെ പഹൽഗാമിലെത്തി, ഭീകരരെ പിടിക്കാത്തതെന്ത്: ഗൊഗോയി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: പഹൽഗാമിൽ വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികൾക്കു സുരക്ഷ ഇല്ലാതിരുന്നതും തീവ്രവാദികൾ പഹൽഗാമിൽ എങ്ങനെ എത്തിയെന്നും കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന് കോണ്ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊന്നവരെ നീതിക്കു മുന്നിൽ കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും ആഭ്യന്തര, പ്രതിരോധ മന്ത്രിമാർക്കു ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഗൊഗോയി പറഞ്ഞു.
ലോക്സഭയിൽ ഇന്നലെയാരംഭിച്ച് പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു കോണ്ഗ്രസ് ഉപനേതാവ്. ആക്രമണത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് കേന്ദ്രം പറയാതിരിക്കുന്നതു തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ ആക്രമണം നടത്തുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പു നൽകിയിരുന്നതാണ്.
നിരപരാധികളായ ഇന്ത്യക്കാരെ കൊന്ന ഭീകരരെ പിടികൂടാൻ 100 ദിവസത്തിനു ശേഷവും എന്തുകൊണ്ടു സർക്കാരിനു കഴിഞ്ഞില്ല എന്നതിനും ഉത്തരം പറയണമെന്ന് ഗൊഗോയ് ആവശ്യപ്പെട്ടു. ആംബുലൻസ് എത്താൻ ഒരു മണിക്കൂർ എടുത്തെന്നും കോണ്ഗ്രസ് എംപി ചൂണ്ടിക്കാട്ടി.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടെങ്കിൽ അത് ആഭ്യന്തരമന്ത്രിയാണ്.
വെടിനിർത്തൽ സംബന്ധിച്ച മധ്യസ്ഥം വഹിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് 26 തവണയാണ് അവകാശപ്പെട്ടത്. പാക്കിസ്ഥാൻ മുട്ടുകുത്താൻ തയാറാണെങ്കിൽ നിങ്ങളെന്തിനാണു നിർത്തിയത്? അഞ്ചാറ് ജെറ്റുകൾ വീണുവെന്നും ട്രംപ് പറയുന്നു. അവയ്ക്ക് വലിയ വിലയുണ്ട്. എത്ര ജെറ്റുകൾ വീണെന്ന് ഞങ്ങൾ ചോദിക്കുന്നു’’- ഗൊഗോയി പറഞ്ഞു.
ഇന്ത്യയുടെ പരന്പരാഗത സഖ്യകക്ഷികളായ രാജ്യങ്ങൾ പോലും സംഘർഷത്തിൽ ഇന്ത്യയെ പിന്തുണച്ചില്ലെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി.