ദയാവധം തേടി അധ്യാപിക
Tuesday, July 29, 2025 12:11 AM IST
ഇൻഡോർ: ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ച് ഇൻഡോറിലെ സ്കൂൾ അധ്യാപിക.
അപൂർവമായ അസ്ഥിരോഗം ബാധിച്ച് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നതിനാൽ മരണത്തിനു വിട്ടുകൊടുക്കണമെന്നാണു ചന്ദ്രകാന്ത ജിത്വാനി എന്ന പ്രൈമറി സ്കൂൾ അധ്യാപികയുടെ ആവശ്യം.
അധികൃതർ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മാധ്യമങ്ങളോട് അവർ പറഞ്ഞു.
ഇൻഡോറിലെ ജാബ്രാൻ കോളനിയിലുള്ള സർക്കാർ സ്കൂളിലെ ശാസ്ത്ര അധ്യാപികയാണിവർ. നാളുകളായി അസ്ഥികൾ അതീവ ദുർബലമായിപ്പോകുന്ന ജനിതകരോഗത്തിന്റെ പിടിയിലാണ്. മരണശേഷം അസുഖത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി കണ്ണുകളും ശരീരവും മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മുന്പ് ഊന്നുവടി ഉപയോഗിച്ച് നടക്കുകയും ചെറിയ ദൂരം സ്കൂട്ടറിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. മരുന്ന് മാറി കഴിച്ചതിനെത്തുടർന്നാണെന്നു പറയപ്പെടുന്നു, 2020 മുതൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്കു നീങ്ങുകയായിരുന്നു.
പിന്നാലെ സ്കൂളിലെത്തുന്നതും പോകുന്നതും വീൽചെയറിലാക്കി. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം മരിച്ചുവെന്നും സാന്പത്തികമായും ശാരീരികമായും പൂർണമായും തകർന്നിരിക്കുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, അധ്യാപികയ്ക്ക് മനഃശാസ്ത്ര വിദഗ്ധന്റെ സേവനം നൽകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് അറിയിച്ചു.