ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; എഫ്ഐആറിൽ തിരിമറി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസിൽ എഫ്ഐആറിൽ തിരിമറി നടന്നതായി സൂചന. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പു പ്രകാരമുള്ള കേസായിരുന്നു കന്യാസ്ത്രീകൾക്കു നേരേ പോലീസ് ആദ്യം ചുമത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് 3.30 ന് പോലീസ് കൈപ്പടയിൽ എഴുതിയ ആദ്യ എഫ്ഐആറിലായിരുന്നു ഇത്. എന്നാൽ, അതേദിവസം വൈകിട്ട് 5.22ന് പുതിയ എഫ്ഐആർ ഇട്ട് അതിൽ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാംവകുപ്പും കൂട്ടിച്ചേർത്തു.
മതപരിവർത്തനത്തിനായി കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട ജാമ്യം കിട്ടാത്ത വകുപ്പാണിത്.എഫ്ഐആറിലെ ഈ സമയവൈരുദ്ധ്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ ജാമ്യത്തിനുള്ള ശ്രമം നടത്തുമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) അറിയിച്ചു.
ജാമ്യത്തിനായി ഇന്നലെ കോടതിയെ സമീപിച്ചിട്ടില്ല. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ എത്രയുംവേഗം ജാമ്യത്തിലെടുക്കുന്നതിനുള്ള നടപടികൾ ഛത്തീസ്ഗഡ് കേന്ദ്രീകരിച്ച് നടക്കുന്നതായും സിബിസിഐ വ്യക്തമാക്കി.
ബജ്രംഗ് ദൾ പ്രവർത്തകർ കന്യാസ്ത്രീകളെയും കുട്ടികളെയും മർദിച്ചതായും പെണ്‍കുട്ടികളെ മൊഴിമാറ്റാൻ നിർബന്ധിച്ചതായും സിബിസിഐ ആരോപിച്ചു.
കുട്ടിയെ ഛത്തീസ്ഗഡിന് പുറത്തേക്കു കൊണ്ടുപോകുന്നതായി അറിവില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ പോലീസിന് മൊഴി നൽകി. എന്നാൽ ഇതു നിർബന്ധിച്ച് പറയിച്ചതാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.
സംഭവമറിഞ്ഞെത്തിയ കുട്ടികളുടെ മാതാപിതാക്കൾക്ക് അവരെ കാണാനുള്ള നിയമപരമായ അവകാശം പോലീസ് നിഷേധിച്ചതായും സിബിസിഐ ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് ഡോ. അനിൽ തോമസ് കൂട്ടോ പറഞ്ഞു.