ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ; മുൻ ശുചീകരണ തൊഴിലാളിയെ വനത്തിലെത്തിച്ച് തെളിവെടുത്തു
Tuesday, July 29, 2025 2:45 AM IST
മംഗളുരു: ധർമസ്ഥലയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മറവുചെയ്തതായി വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളിയെ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നേത്രാവതി പുഴയോരത്തുള്ള വനത്തിലെത്തിച്ച് തെളിവെടുപ്പു നടത്തി.
മൃതദേഹങ്ങൾ മറവുചെയ്തതായി പറയുന്ന സ്ഥലങ്ങൾ ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്കു കാണിച്ചുനല്കിയതായാണു സൂചന. കർശന സുരക്ഷാസംവിധാനങ്ങളോടെയാണ് പരാതിക്കാരനെ മുഖംമറച്ച നിലയിൽ ധർമസ്ഥലയിലെത്തിച്ചത്.
പ്രത്യേക അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായ എം.എൻ. അനുചേത്, ജിതേന്ദ്രകുമാർ ദയാമ, സി.എ. സൈമൺ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബെൽത്തങ്ങാടിയിലെ ക്യാമ്പ് ഓഫീസിൽവച്ച് ഇയാളുടെ മൊഴിയെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ധർമസ്ഥല പോലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
പരാതിക്കാരൻ ഹാജരാക്കിയ തലയോട്ടിയുടെ ഭാഗമടക്കമുള്ള തെളിവുകളും കൈമാറി. പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന ഡിജിപി പ്രണബ് മൊഹന്തി ഞായറാഴ്ച മംഗളൂരുവിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.