അടിയന്തര വെടിനിർത്തൽ അംഗീകരിച്ച് തായ് ലൻഡും കംബോഡിയയും
Tuesday, July 29, 2025 2:49 AM IST
പുത്രജയ് (മലേഷ്യ): സംഘർഷത്തിന്റെ അഞ്ചാം ദിനം തായ് ലൻഡും കംബോഡിയയും തമ്മിൽ വെടിനിർത്തലിനു ധാരണയായി. ഉപാധിരഹിതവും അടിയന്തരവുമായ വെടിനിർത്തൽ പ്രഖ്യാപിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു.
തന്റെ നേതൃത്വത്തിൽ തുറന്ന ചർച്ചയിലാണു സമാധാനപാതയിലേക്കു നീങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുവിഭാഗങ്ങളിൽനിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ തുടർചർച്ചകളിൽ ഏർപ്പെടും.
മലേഷ്യ, കംബോഡിയ, തായ് ലൻഡ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും ശാശ്വത സമാധാനം ഉറപ്പുവരുത്താനുള്ള വിശദമായ നടപടിക്രമങ്ങൾ രൂപകൽപന ചെയ്യും. രണ്ടു പക്ഷത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 300,000 ഗ്രാമീണർക്ക് ഉടൻ തിരികെയെത്താൻ കഴിയട്ടെയെന്ന് ആശിക്കുന്നതായി കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് പ്രതികരിച്ചു.
യോഗത്തിന്റെ തീരുമാനങ്ങളിൽ സന്തോഷമുണ്ടെന്ന് അറിയിച്ച തായ് ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈയും കൈകൊടുത്താണു പിരിഞ്ഞത്. സംഘർഷം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും ഇപ്പോഴത്തെ വെടിനിർത്തലിനു കാരണമായിട്ടുണ്ടെന്നു വ്യാഖ്യാനിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ വെടിവെയ്പും റോക്കറ്റാക്രമണവും നടന്നു. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തർക്കപ്രദേശമായ താ മ്വാൺ തോം ക്ഷേത്രത്തിന്റെ സമീപത്തായി കുഴിബോംബ് പൊട്ടിത്തെറിക്കുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്കു വഴിതെളിച്ചത്.