ബ്രഹ്മപുത്രയ്ക്കു കുറുകെ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന
Monday, July 21, 2025 1:33 AM IST
ബെയ്ജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണത്തിന് ചൈന ശനിയാഴ്ച തുടക്കം കുറിച്ചു. 167.8 ബില്യണ്‍ (14.4 ലക്ഷം കോടി രൂപ) യാണു പുതിയ ഡാമിന്റെ മുടക്ക്. ചൈനയിലെ യാജിയാംഗ് ഗ്രൂപ്പ് കന്പനിയാണ് അണക്കെട്ട് നിർമിക്കുക.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ആണ് നിര്‍മാണോദ്ഘാടനം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായി ഇതു മാറും. ബ്രഹ്മപുത്രയുടെ താഴ്ഭാഗത്തുള്ള ഇന്ത്യയിലും ബംഗ്ലാദേശിലും അണക്കെട്ട് നിര്‍മാണം ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
പദ്ധതിയില്‍ അഞ്ച് ജലവൈദ്യുത നിലയങ്ങള്‍ ഉണ്ടാകും. ആറു കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ചൈനയിലെ ഹുബേയി പ്രവിശ്യയിൽ യാംഗ്റ്റ്സി നദിയിലുള്ള സാൻഷിയ പദ്ധതിയാണ്. ഇവിടെ 2.24 കോടി കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 1700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രി തെക്കുപടിഞ്ഞാറൻ ടിബറ്റിലെ യാംഗ്സോംഗ് ഗ്ലേഷിയറിൽനിന്നാണ് ഉത്ഭവിക്കുന്നത്.