മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രതിനിധി സംഘം റഷ്യയിൽ
Thursday, July 17, 2025 12:52 AM IST
മോസ്കോ: മലങ്കര ഓര്‍ത്തഡോക്സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി.
സന്യസ്തരും സഭയുടെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. ഇരുസഭകളുടെയും സന്യസ്തരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും യോഗങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.
റഷ്യയിലെ ആശ്രമങ്ങളും മഠങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ പഠന വിഷയമാക്കും. സന്യസ്തരുടെ പരസ്പര സന്ദര്‍ശനങ്ങള്‍, ദൈവശാസ്ത്ര പഠനം, ഇരുസഭകളുടെയും പുണ്യ കേന്ദ്രങ്ങളിലേക്കുള്ള തീര്ഥാടനങ്ങള് പ്രോത്സാഹിപ്പിക്കുക, സഭകളുടെ ആശുപത്രികള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുക, റഷ്യന്‍ - മലങ്കര ഓര്‍ത്തഡോക്സ് സഭകളുടെ വിശ്വാസം, ആരാധന, ചരിത്രം, സംസ്കാരം എന്നിവ ഇരുസഭകളുടെയും മാധ്യമങ്ങളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
മാധ്യമ മേഖലയിലെ പരസ്പര സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെക്കുറിച്ച് രണ്ടു ഭാഗങ്ങളടങ്ങിയ ഡോക്യുമെന്ററി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം നിര്‍മിച്ചിട്ടുണ്ട്.
നോര്‍ത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനത്തിലെ ഫാ. എബി ജോര്‍ജാണ് സംഘത്തെ നയിക്കുന്നത്. പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, വിദ്യാര്‍ഥി പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. വിവേക് വര്‍ഗീസ്, ഫാ. ആന്റണി മാര്വിന് ഡി സില്‍വ, ഫാ. ആരോണ്‍ ജോണ്‍, റിബിന് രാജു, ഡോണ്‍ ജോര്‍ജ്, ജോബിന് ബേബി എന്നിവരാണ് സംഘത്തിലുള്ളത്.