ബന്ദിമോചനം: ഇസ്രയേലിൽ പ്രക്ഷോഭം
Wednesday, August 27, 2025 2:29 AM IST
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലും ബന്ദിമോചനവും ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രക്ഷോഭം. ഗാസയിലെ ആശുപത്രിയിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേലിൽ പ്രക്ഷോഭം ശക്തമായത്.
ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ സമരദിനമായി പ്രഖ്യാപിച്ച് നിരത്തിലിറങ്ങിയ പ്രക്ഷോഭകർ ടയറുകൾ കത്തിച്ച് റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചു.
സുരക്ഷാ കാബിനറ്റ് ചേരുന്ന ജറൂസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് നൂറുകണക്കിനു പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. ഗാസ പിടിച്ചെടുക്കാനുള്ള ഐഡിഎഫിന്റെ അടുത്ത ഘട്ട പ്രവർത്തനത്തിനുള്ള പദ്ധതികൾ അംഗീകരിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ സുരക്ഷാ കാബിനറ്റ് ചേർന്നത്. ഇതിനിടെ, ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. ദാരുണമായ അപകടമെന്ന് വിശേഷിപ്പിച്ച നെതന്യാഹു, സംഭവം സൈന്യം അന്വേഷിക്കുമെന്ന് അറിയിച്ചു.
ഇതിനിടെ ഗാസയിൽ മൂന്നു പേർകൂടി പട്ടിണി മൂലം മരിച്ചു. പോഷകാഹാരക്കുറവും പട്ടിണിയും മൂലം മൂന്ന് പേർ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 186 ആയി. ഇതിൽ 117 പേരും കുട്ടികളാണ്.
ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.