സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുക്രെയ്ൻ; റഷ്യൻ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം
Monday, August 25, 2025 12:30 AM IST
കീവ്: യുക്രെയ്ൻ സ്വാതന്ത്ര്യദിനാഘോഷത്തിനു തലേന്ന് റഷ്യയിലെ ആണവ വൈദ്യുതിനിലയത്തിൽ ഡ്രോൺ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് പ്രദേശത്തെ ആണവനിലയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.
നിലയത്തിലുണ്ടായ തീപിടിത്തം ഉടൻ അണച്ചുവെന്നാണു റഷ്യൻ അധികൃതർ പറഞ്ഞത്. ഒരു ട്രോൻസ്ഫോർമറിനു കേടുപാടുണ്ടായി. എന്നാൽ, നിലയത്തിലെ റേഡിയേഷൻ തോത് ഉയർന്നിട്ടില്ലെന്നും റഷ്യൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ആണവനിലയങ്ങൾ ആക്രമിക്കരുതെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി റഷ്യൻ ഊർജമേഖലയുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി എന്നാണ് റിപ്പോർട്ട്. ലെനിൻഗ്രാഡ് മേഖലയിലെ ഇന്ധനക്കയറ്റുമതി ടെർമിനലിൽ തീപിടിത്തമുണ്ടായി. ആക്രമണങ്ങളിൽ ആൾനാശമുണ്ടായില്ലെന്നാണു റഷ്യ അറിയിച്ചത്.
ഇതിനിടെ, യുദ്ധത്തിൽ ജയിക്കാൻ യുക്രെയ്നു കഴിഞ്ഞിട്ടില്ലെങ്കിലും ഇതുവരെ തോറ്റിട്ടില്ലെന്ന് പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 34-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. 1991ൽ സോവ്യറ്റ് യൂണിയൻ തകർന്നതോടെയാണു യുക്രെയ്ൻ രൂപവത്കൃതമായത്.
യുക്രെയ്ന്റെ ഊർജസംവിധാനങ്ങളെ ആക്രമിച്ച്, വെളിച്ചവും ചൂടും ഇല്ലാതാക്കുന്ന ശത്രുവിന്റെ എണ്ണശുദ്ധീകരണ ശാലകൾ കത്തുകയാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം യുക്രെയ്ൻ തുടരും. യുക്രെയ്ൻ സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്ൻ ജനത സ്വന്തം ഭാവി നിർണയിക്കുന്ന സമാധാനമാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന്റെ യുക്രെയ്ൻകാര്യ പ്രതിനിധി കീത്ത് കെല്ലോഗ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ ഇന്നലെ കീവിലെത്തി.