ഷിക്കാഗോയിൽ സൈന്യത്തെ ഇറക്കാൻ ട്രംപ്; എതിർപ്പുമായി ഡെമോക്രാറ്റുകൾ
Monday, August 25, 2025 12:30 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലേതു മാതിരി ഷിക്കാഗോ, ന്യൂയോർക്ക് നഗരങ്ങളിലും സൈനികവിഭാഗമായ നാഷണൽ ഗാർഡ്സിനെ വിന്യസിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. മൂന്നു നഗരങ്ങളും ഭരിക്കുന്നത് പ്രതിപക്ഷ ഡെമോക്രാറ്റുകളാണ്. കുറ്റകൃത്യനിരക്ക് താഴ്ത്താനെന്ന പേരിൽ ഡിസിയിൽ 2,000 നാഷണൽ ഗാർഡ്സ് അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
ഷിക്കാഗോ നഗരം ഉൾപ്പെടുന്ന ഇല്ലിനോയ് സംസ്ഥാനത്തെ ഗവർണറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജെ.ബി. പ്രിറ്റ്സ്കർ ട്രംപിനെ എതിർത്തു രംഗത്തുവന്നു. ട്രംപ് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹമെന്നും പ്രിറ്റ്സ്കർ ആരോപിച്ചു. ഷിക്കാഗോ മേയർ ബ്രാണ്ടൻ ജോൺസനും ട്രംപിനെ വിമർശിച്ചു.
ഇതിനിടെ, ഡിസിയിൽ വിന്യസിച്ചിരിക്കുന്ന നാഷണൽ ഗാർഡ്സ് സൈനികർ ആയുധവും കൈയിലേന്തണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടു. സൈനികർക്ക് പുതിയ ചുമതല നല്കുന്നതിന്റെ ഭാഗമായിട്ടാണോ ഉത്തരവെന്നതിൽ വ്യക്തതയില്ല.