അഖിൽ; ഏറും അടിയും... അഖില്‍ സ്കറിയയുടെ ഓള്‍റൗണ്ട് മികവില്‍ കാലിക്കട്ടിന് ആദ്യജയം
തോമസ് വര്‍ഗീസ്
Monday, August 25, 2025 1:02 AM IST
കാര്യവട്ടം: ആദ്യം പന്തുകൊണ്ടും തുടര്‍ന്നു ബാറ്റുകൊണ്ടും അഖില്‍ സ്കറിയ കളം കീഴടക്കിയപ്പോള്‍ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ 2025 സീസണില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന് ആദ്യജയം.
അഖില്‍-സല്മാന് നിസാര്‍ കൂട്ടുകെട്ട് ബൗളര്‍മാര്‍രെ അടിച്ചു തകര്‍ത്തപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ട്രിവാന്‍ഡ്രം മുന്നോട്ടുവച്ച 174 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ അവശേഷിക്കേ കാലിക്കട്ട് സ്വന്തമാക്കി. ഗ്ലോബ്സ്റ്റാഴ്സിനു വേണ്ടി അഖില്‍ സ്കറിയ (32 പന്തില്‍ 66) സല്മാന് നിസാര്‍ (34 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. സ്കോര്‍: ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ 173/7. കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് 19 ഓവറില്‍ 174/3. 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കിയ അഖില്‍ സ്കറിയയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
174 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഗ്ലോബ്സ്റ്റാര്‍സിനായി ഓപ്പണിംഗ് ഇറങ്ങിയത് സച്ചിന് സുരേഷും റോഹന്‍ കുന്നുമ്മേലുമാണ്. ആദ്യ ഓവറിലെ അവാസന പന്തില്‍ ടി.എസ്. വിനില്‍ റോഹന്റെ (12) വിക്കറ്റ് പിഴുതു. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന നിലയിലായിരുന്നു കാലിക്കട്ട്. 5.3-ാം ഓവറില്‍ എം. അജിനാസിനെ (5) വി. അജിത് എല്‍ബിയില്‍ കുടുക്കി. കാലിക്കട്ട് രണ്ടിന് 41.
കാലിക്കട്ടിന്റെ സ്കോര്‍ 68-ല്‍ നിൽക്കേ ഓപ്പണര്‍ സച്ചിന് സുരേഷിനെ (28) വി. അജിത്തിന്റെ പന്തില്‍ എസ്. സുരേഷ് പിടിച്ച് പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന സല്മാന് നിസാര്‍ - അഖില്‍ സ്കറിയ കൂട്ടുകെട്ട് ട്രിവാന്‍ഡ്രത്തിന്റെ ബൗളര്‍മാരെ കണക്കിനു ശിക്ഷിച്ചു. ഇരുവരും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് 54 പന്തില്‍ 106 റണ്‍സ് സ്വന്തമാക്കി. എം. നിഖില്‍ എറിഞ്ഞ 17-ാം ഓവറില്‍ 24ഉം അഭിജിത് പ്രവീണ്‍ എറിഞ്ഞ 18-ാം ഓവറില്‍ 20ഉം റണ്‍സ് ഇവര്‍ അടിച്ചുകൂട്ടി. അഖില്‍ സ്കറിയ നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും നേടി.
കൃഷ്ണപ്രസാദ് ഫിഫ്റ്റി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് 4.2-ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അഖില്‍ സ്കറിയയുടെ പന്തില്‍ സച്ചിന് സുരേഷിന് ക്യാച്ച് നല്കി ഓപ്പണര്‍ എസ്. സുബിന് (23) പവലിയനിലേക്ക് മടങ്ങി. തുടര്‍ന്ന് റിയാ ബഷീറുമായി ചേര്‍ന്ന കൃഷ്ണപ്രസാദ് സ്കോര്‍ 50 കടത്തി. 9.2-ാം ഓവറില്‍ മനുപ്രസാദ് റിയാ ബഷീറിനെ (13) ക്ലീന്‍ ബൗള്‍ഡ് ആക്കി.
തുടര്‍ന്നെത്തിയ ഗോവിന്ദ് ദേവ് പൈ നാലു റണ്‍സെടുത്തപ്പോള്‍ മോനുകൃഷ്ണന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി. ട്രിവാന്‍ഡ്രം മൂന്നിന് 83 എന്ന നിലയില്‍.
ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിദും ചേര്‍ന്ന് സ്കോറിംഗ് ഉയര്‍ത്തി. 13.4-ാം ഓവറില്‍ ഡീപ് മിഡ് വിക്കറ്റില്ക്കൂടി സിക്സര്‍ പായിച്ച് കൃഷ്ണപ്രസാദ് അര്‍ധസെഞ്ചുറി നേടി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 115ന് മൂന്ന് എന്ന നിലയിലായിരുന്നു റോയല്‍സ്. 17.3-ാം ഓവറില്‍ മോനു കൃഷ്ണ അബ്ദുള്‍ ബാസിദിനെ (24) എല്‍ബിഡബ്യുവില്‍ കുടുക്കി. ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് 19-ാം ഓവറിലെ ആദ്യപന്തില്‍ നഷ്ടമായി. 54 പന്തില്‍ അഞ്ച് സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 78 റണ്‍സ് നേടിയ കൃഷ്ണപ്രസാദിനെ അഖില്‍ സ്കറിയയാണ് പുറത്താക്കിയത്.