സുഗന്ധവ്യഞ്ജനങ്ങളിൽ പ്രതീക്ഷ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, August 25, 2025 1:13 AM IST
ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ സാക്ഷിനിർത്തി വിപണി ഒരു ബുൾ റാലിക്ക് ഒരുങ്ങി, അന്തർസംസ്ഥാന വാങ്ങലുകാർ നാടൻ മുളകിനായി പരക്കംപായുന്നു.
തൈശ്യകാല ആവശ്യങ്ങൾക്കുള്ള ചുക്കിനായി ആഭ്യന്തര വിദേശ വാങ്ങലുകാർ തയാറെടുക്കുന്നു. മികച്ചയിനം ജാതിക്കയ്ക്ക് വ്യാവസായിക ഡിമാന്ഡ്. കൊപ്ര വില വീണ്ടും ഇടിഞ്ഞ തക്കത്തിന് മില്ലുകാർ ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. മുന്നിലുള്ള മാസങ്ങളിൽ റബർ ഉത്പാദനം ഉയരുമെന്നു മനസിലാക്കി ടയർ ലോബി ഏഷ്യൻ മാർക്കറ്റിൽ വിലയിടിച്ചു.
കുരുമുളകിന് വില ഉയരുന്നു
കേരളത്തിലെയും കർണാടകത്തിലെയും കുരുമുളക് കർഷകർക്ക് സ്വപ്നവില സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് വിപണി. ഉത്തരേന്ത്യയിൽ ഉത്സവ ദിനങ്ങൾ അടുത്തെങ്കിലും വൻകിടക്കാർക്ക് അവരുടെ ആവശ്യാനുസരണം ഇനിയും നാടൻ മുളക് കണ്ടെത്താനായിട്ടില്ല. വിപണിയിൽ ഒരു ബുൾ തരംഗം അലയടിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക കേരളം. ആറാഴ്ചയായി മുളക് സംഭരണം അവർ ആരംഭിച്ചിട്ട്. ഇതിന്റെ ഭാഗമായി ജൂലൈയിൽ തുടർച്ചയായി 21 ദിവസവും ഒറ്റ വിലയിൽ വിപണിയെ പിടിച്ചുനിർത്തി അവർ മുളക് ശേഖരിച്ചു. അതിന് ശേഷം തുടർച്ചയായി 21 ദിവസം ഉത്പന്ന വില നിത്യേന 100 രൂപ വീതം ഉയർത്തി.
വിപണി ആദ്യ രണ്ട് ഘട്ടങ്ങൾ പിന്നിട്ടതോടെ വാരമധ്യം മുതൽ നിത്യേന ക്വിന്റലിന് 200 രൂപ വീതമാണ് ഉയർത്താൻ തുടങ്ങിയിട്ടുള്ളത്. മുളക് മാർക്കറ്റിന്റെ ചലനങ്ങൾ സാങ്കേതമായി വീക്ഷിച്ചാൽ അടുത്ത ചുവടുവയ്പ്പിൽ വാങ്ങലുകാർ 400 രൂപ വീതം ഉയർത്തിയാലും അത്ഭുതപ്പെടാനില്ല. കാരണം നാടൻ ചരക്കിന് ഉത്തരേന്ത്യൻ മാർക്കറ്റിൽ കടുത്ത ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്.
ഇക്കുറി വിളവ് പ്രതികൂല കാലാവസ്ഥയിൽ ചുരുങ്ങിയതിനാൽ വിപണികളിൽ ചരക്ക് വരവ് കുറവായിരുന്നു, കാർഷിക മേഖലകളിലും മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങിയത് കണക്കിലെടുത്താൽ ശ്രീകൃഷ്ണ ജയന്ത്രിയും മഹാനവമിയും ദീപാവലിയും സുഗന്ധവ്യഞ്ജന വിപണിയിൽ ഉത്പന്ന വിലകൾ വീണ്ടും ഉയർത്താം.
വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 68,600 രൂപയിലാണ്. കാർഷിക മേഖല ഉറ്റുനോക്കുന്നത് 70,000 രൂപയെയാണ്. മധ്യവർത്തികളും കർഷകരും ഏറ്റവും ഉയർന്ന വിലയ്ക്ക് ഇക്കുറി ചരക്ക് വിപണിയിൽ ഇറക്കാനാവുമെന്ന നിഗമനത്തിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളർ. രാജ്യാന്തര വിപണിയിൽ ഇന്തോനേഷ്യയും മലേഷ്യയും ബ്രസീലും ശ്രീലങ്കയും വിയറ്റ്നാമും കംബോഡിയയും വില ഉയർത്തുകയാണ്.
ചുക്കിന് പ്രിയമേറും
ഉത്തരേന്ത്യ ശൈത്യത്തിന്റെ പിടിയിൽ അമരും മുന്നേ ചുക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ് അന്തർസംസ്ഥാന വാങ്ങലുകാർ. തണുപ്പുകാലത്തെ ആവശ്യത്തിനുള്ള ചുക്കിന് പുതിയ അന്വേഷണങ്ങൾ എത്തിയവേളയിൽ തന്നെ ഉത്പന്ന വില ക്വിന്റലിന് 500 രൂപ വർധിച്ചു. ഏതാനും മാസങ്ങളായി വിപണിയിൽ നിശബ്ദരായി നിലയുറപ്പിച്ച് ചരക്ക് സംഭരിച്ചിരുന്ന കയറ്റുമതിക്കാർ ഇനി തന്ത്രം മാറ്റിപ്പിടിക്കാൻ സാധ്യത. അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ വിപണികളിൽനിന്നും പതിവ് പോലെ ആവശ്യക്കാർ ഇക്കുറിയും എത്തുമെന്ന പ്രതീക്ഷയിലാണ് പല കയറ്റുമതിക്കാരും ചരക്ക് നേരത്തേ തന്നെ കൈപ്പിടിയിൽ ഒതുക്കിയത്. കയറ്റുമതിക്കാർ രംഗത്ത് പിടിമുറുക്കിയാൽ മികച്ചയിനങ്ങളുടെ വിലയിലും മുന്നേറ്റ സാധ്യത.
ചുക്ക് ഉത്പാദകർ പലരും കാലവർഷത്തിന്റെ വരവിന് മുന്നേ ചുക്ക് വിറ്റുമാറി, മഴക്കാലത്ത് അന്തരീക്ഷ താപനില കുറയുന്നത് ഉത്പന്നത്തിൽ കുത്ത് വീഴാൻ ഇടയാക്കും, ഇത് വിലയിടിവിനും കാരണമാവും. അറബ് രാജ്യങ്ങൾ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടങ്കിലും വൻ ഓർഡറുകൾ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം കയറ്റുമതിക്കാരുടെ പക്ഷം. എന്നാൽ, വിദേശ വ്യാപാരങ്ങൾ സംബന്ധിച്ച വിവരം പുറത്തുവന്നാൽ അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അവർ ഭയപ്പെടുന്നു. കൊച്ചിയിൽ ഇടത്തരം ചുക്ക് 24,000 രൂപയിലും മികച്ച ചുക്ക് 25,000 രൂപയിലുമാണ്.
ജാതിക്കയ്ക്കായി കന്പനികൾ
ജാതിക്ക സംഭരിക്കാൻ കറിമസാല വ്യവസായികൾ രംഗത്ത്. മുന്നിലുള്ള മാസങ്ങളിൽ ഉത്പന്നത്തിന് ഡിമാന്ഡ് ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരികളും. കറിമസാല നിർമാതാക്കൾക്ക് ഒപ്പം ഔഷധ വ്യവസായികളും ചരക്കിൽ താത്പര്യം കാണിക്കുന്നുണ്ട്. വ്യവസായികളുടെ വരവിനിടയിൽ കയറ്റുമതിക്കാരും വിപണിയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്.
മധ്യപൂർവേഷ്യയുമായി നേരത്തേ ഉറപ്പിച്ച കരാറുകൾ പ്രകാരമുള്ള ചരക്ക് സംഭരണം ഒരു വശത്ത് പുരോഗമിക്കുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും വിപണികളിൽ മികച്ചയിനം ജാതിക്ക വരവ് ശക്തമല്ല, ജാതിക്ക കിലോ 400 രൂപയായും ജാതിപരിപ്പ് 600 രൂപയായും ഉയർന്നു. ഹൈറേഞ്ച് ചരക്കിന് 620 രൂപ വരെ കയറി.
റബർ ടാപ്പിംഗിന് ഒരുക്കം
റബർ ടാപ്പിംഗിനായി കച്ചകെട്ടി നിൽക്കുകയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ കർഷകർ. മാസങ്ങൾ നീണ്ട കനത്ത മഴയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റം കണ്ട് തുടങ്ങിയ സാഹചര്യത്തിൽ മുന്നിലുള്ള മാസങ്ങളിൽ തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ റബർ ഉത്പാദനം ഉയരും. നേരത്തേ തൊഴിലാളി ക്ഷാമം മൂലം തായ്ലൻഡിൽ റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർത്താൻ അവർ ഏറെ ക്ലേശിച്ചിരുന്നു. ഇതിനിടയിൽ 10,000 റബർ ടാപ്പിംഗ് വിദഗ്ധരെ ശ്രീലങ്കയിൽ നിന്നു സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബാങ്കോക്ക്.
പുതിയ സാഹചര്യത്തിൽ റബർ ഉത്പാദന രംഗം ഉണർവിലേക്ക് തിരിയുമെന്ന് മനസിലാക്കി ഓപ്പറേറ്റർമാർ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബറിൽ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കത്തിൽ കിലോ 326 യെന്നിൽ നിന്നും 315ലേക്ക് ഇടിഞ്ഞു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ മഴ തുടരുകയാണെങ്കിലും റെയിൻ ഗാർഡ് ഒരുക്കിയ തോട്ടങ്ങളിൽ റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു. വരും ദിനങ്ങളിൽ കാലാവസ്ഥ തെളിഞ്ഞാൽ ഷീറ്റ് ഉത്പാദനത്തിലേക്ക് കാർഷിക മേഖലയുടെ ശ്രദ്ധതിരിയും. ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് വില 20,200 രൂപയിൽനിന്ന് 19,000ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 18,600 രൂപയിൽ വിപണനം നടന്നു.
നാളികേരോത്പന്നങ്ങളിൽ മാന്ദ്യം
നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. പൂഴ്ത്തിവയ്പ്പുകർ കൊപ്ര വിറ്റുമാറാൻ നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കിടയിൽ വൻകിട മില്ലുകാർ ചരക്ക് സംഭരണത്തിന് മത്സരിച്ചു. പച്ചത്തേങ്ങ വില താഴ്ന്നത് ഒരു വിഭാഗം ചെറുകിട മില്ലുകാരെയും ആകർഷിച്ചു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 20,400 രൂപയിലാണ്. കൊച്ചിയിൽ നിരക്ക് 21800 രൂപയിലും. ഓണം അടുത്ത സാഹചര്യത്തിൽ എണ്ണ വിപണിയിൽ തിരിച്ചു വരവ് പ്രതീക്ഷിക്കാം.