വിജയവീഥിയിൽ അഞ്ചു വർഷം: കൈനിറയെ പദ്ധതികളുമായി ധനലക്ഷ്മി ഗ്രൂപ്പ്
Thursday, August 21, 2025 11:26 PM IST
തൃശൂർ: ധനകാര്യമേഖലയിൽ അതിവേഗവളർച്ച കൈവരിച്ച് ജനശ്രദ്ധപിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പ് വിജയകരമായ ആറാം വർഷത്തിലേക്ക്. അഞ്ചാം വാർഷികദിനമായ 24നു നിരവധി പദ്ധതികളുടെ ഉദ്ഘാടനം നടക്കുമെന്നു ഗ്രൂപ്പ് ചെയർമാൻ വിബിൻദാസ് കടങ്ങോട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ബാങ്കിന്റെ പുതിയ ശാഖകളുടെ ഉദ്ഘാടനം അന്നു രാവിലെ 10.30നു നടക്കും. കന്പനിയുടെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി അംഗപരിമിതരായ 100 പേർക്കു കൃത്രിമകാലുകൾ സൗജന്യമായി നൽകുന്നതിന്റെ ഒന്നാംഘട്ടവും വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടു നഷ്ടപ്പെട്ട ഒരു കുടുംബത്തിനു നിർമാണം പൂർത്തിയാക്കിയ പുതിയ ഭവനത്തിന്റെ താക്കോൽകൈമാറ്റവും 24നു രാവിലെ ഹെഡ് ഓഫീസിലെ ധനവിസ്മയ ഹാളിൽ നടക്കും.
ചെയർമാന്റെ സ്വപ്നപദ്ധതിയായ ‘അന്നസാരഥി’ക്കും 24നു തുടക്കംകുറിക്കും. ‘തൃശൂർ നഗരത്തിൽ ആരും വിശന്നിരിക്കരുത്’ എന്ന ലക്ഷ്യത്തോടെ പ്രതിദിനം 100 പേർക്കു സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണിത്. അന്നസാരഥി വാഹനത്തിന്റെ ഫ്ളാഗ്ഓഫ് മരത്താക്കര ഹെഡ് ഓഫീസിൽ നടക്കും.
പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങ് 24നു രാവിലെ 8.30നു തൃശൂർ മണ്ണുത്തിയിലെ സ്വന്തം സ്ഥലത്ത് പ്രശസ്ത മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ.വേദകുമാർ നിർവഹിക്കും.
തൃശൂർ ആറാട്ടുപുഴയിൽ നാല് ഏക്കറിൽ പ്രകൃതിസൗഹൃദ ധനലക്ഷ്മി അഗ്രോ ഫാം ആരംഭിക്കും. കാലവർഷക്കെടുതി കാരണം ഇതിന്റെ ഉദ്ഘാടനം മറ്റൊരു ദിവസം നടത്തും. സംസ്ഥാനത്തെ 14 ജില്ലകളിലായി 27 അനാഥാലയങ്ങളിലും വയോജന ശുശ്രൂഷാകേന്ദ്രങ്ങളിലും അന്തേവാസികൾക്കും ജീവനക്കാർക്കുമായി ഉച്ചഭക്ഷണവിതരണവും അന്നാരംഭിക്കും. ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘ഡി ഗ്രാന്റ് ഹോട്ടൽ’ സോഫ്റ്റ് ലോഞ്ച് അന്നു രാവിലെ 11 നു നടക്കും.
ധനലക്ഷ്മി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള യാത്രയുടെ ഭാഗമായ പതിനായിരത്തോളം വരുന്ന നിക്ഷേപകരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനാണ് നിക്ഷേപകസംഗമവും വാർഷികാഘോഷവും സംഘടിപ്പിക്കുന്നതെന്നു ചെയർമാൻ പറഞ്ഞു. 24ന് ഉച്ചകഴിഞ്ഞു മൂന്നിനും 6.30നും ഇടയിലാണ് കേരളത്തിലെ 14 ജില്ലകളോടൊപ്പം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലും ആഘോഷം.
ആത്മാർഥപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ടാലന്റ് ബുക്ക് ഓഫ് റിക്കാർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, മഹാത്മാഗാന്ധി എക്സലൻസ് അവാർഡ്, സ്വിറ്റ്സർലൻഡ് ഗ്ലോബൽ ബിസിനസ് അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.
“സാമൂഹികപുരോഗതിയുടെ അടിസ്ഥാനം സാന്പത്തികവും വിദ്യാഭ്യാസപരവുമായ ശക്തീകരണമാണ്. സമൂഹത്തെ ആത്മവിശ്വാസത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും ഉയർത്തിക്കൊണ്ടുപോകാനാണ് നിരന്തരശ്രദ്ധ. ഈയൊരു ലക്ഷ്യബോധംതന്നെയായിരിക്കും മുന്നോട്ടുള്ള പ്രയാണത്തിലെ ചാലകശക്തി’’, ചെയർമാൻ ഡോ. വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു.