സാംസംഗിന് ‘മേക്ക് ഇൻ ഇന്ത്യ’ ലാപ്ടോപ്പുകൾ
Monday, August 18, 2025 1:10 AM IST
നോയിഡ: കൊറിയൻ ഇലക്ട്രോണിക് വന്പന്മാരായ സാംസംഗ് ഇന്ത്യയിൽ ലാപ്ടോപ് നിർമാണത്തിനു തുടക്കമിട്ടു. സാംസംഗിന്റെ ഗ്രേറ്റർ നോയിഡയിലെ ഫാക്ടറിയിലാണ് നിർമാണം നടത്തുന്നത്. കൊറിയൻ കന്പനിയുടെ ഗ്രേറ്റർ നോയിഡ ഫാക്ടറിയിൽ ഫീച്ചർ ഫോണുകൾ, സ്മാർട്ട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ടാബ്ലെറ്റുകൾ എന്നിവ നിർമിച്ചുവരുന്നുണ്ട്.
സാംസംഗ് തങ്ങളുടെ നിർമാണപ്രവർത്തനം വിപുലീകരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഫാക്ടറിയിൽ ലാപ്ടോപ്പുകൾ നിർമിക്കാൻ തുടങ്ങി. രാജ്യത്ത് കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ നിർമാണകേന്ദ്രം ആരംഭിച്ച ആദ്യത്തെ ആഗോള ഇലക്ട്രോണിക്സ് വന്പന്മാരിൽ ഒരാളാണ് സാംസംഗ്്. 1996ലാണ് നിർമാണ കേന്ദ്രം സ്ഥാപിച്ചത്. ഈ വർഷം ആദ്യം, ഇന്ത്യയിൽ ലാപ്ടോപ്പുകൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പുകൾ കന്പനി ആരംഭിച്ചതായി സാംസംഗ് ഇലക്ട്രോണിക്സ് പ്രസിഡന്റും മൊബൈൽ എക്സ്പീരിയൻസ് (എംഎക്സ്) ബിസിനസ് മേധാവിയുമായ ടി.എം. റോഹ് പങ്കുവച്ചിരുന്നു.
ആഗോളതലത്തിൽ, സാംസംഗിന് ഇന്ത്യയിൽ രണ്ടാമത്തെ വലിയ മൊബൈൽ ഫോണ് നിർമാണ യൂണിറ്റുണ്ട്. ആപ്പിൾ കഴിഞ്ഞാൽ രാജ്യത്തുനിന്ന് ഹാൻഡ്സെറ്റുകൾ കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യൻ സ്മാർട്ട് ഫോണ് വിപണിയിലും രണ്ടാം സ്ഥാനക്കാരാണ് സാംസംഗ്. എന്നാൽ ലാപ്ടോപ്പ് വിഭാഗത്തിൽ കന്പനിക്ക് ഇതുവരെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായിട്ടില്ല. സൈബർമീഡിയ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ടാബ്ലെറ്റ് വിഭാഗത്തിൽ 15 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്താണ്.