ബുൾ റാലിക്കായി വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, August 11, 2025 1:02 AM IST
ഓഹരി സൂചികയ്ക്ക് വീണ്ടും കാലിടറി, പ്രദേശിക നിക്ഷേപകർ രംഗത്തുനിന്നും അൽപ്പം പിൻവലിഞ്ഞ് വിപണിയെ കൂടുതൽ വിലയിരുത്താനുള്ള ശ്രമത്തിലാണ്. ഓരോ താഴ്ചയും നിക്ഷേപത്തിനുള്ള മികച്ച അവസരമായാണ് അവർ മുന്നിൽ കാണുന്നത്. അതു കൊണ്ടുതന്നെ ബോട്ടം ഫിഷിംഗിന് അവസരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം.
തകർച്ചയിൽ ഏറ്റവും താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടെത്തുന്ന തന്ത്രം വിദേശ ഓപ്പറേറ്റർമാർ പലപ്പോഴും പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. അതേ പാതയിലൂടെ സഞ്ചരിക്കാനുള്ള ഇന്ത്യൻ നിക്ഷേപകന്റെ നിലപാട് വിപണിയുടെ തിരിച്ചുവരവിന് ഇരട്ടി വേഗം സമ്മാനിക്കാം.
അതേസമയം തുടർച്ചയായ ആറാം വാരത്തിലും വിൽപ്പനയുടെ മാധുര്യം നുകരുകയാണ് വിദേശ ഫണ്ടുകൾ. എന്നാൽ, വിപണിയെ കൈവിടില്ലെന്ന ഉറച്ച നിലപാടിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ 16 ആഴ്ചയിലും നിക്ഷേപകരായി വിപണിയിൽ നിറഞ്ഞുനിന്നു. ഈ മാസം ഇതിനകം 36,795.52 കോടി രൂപയുടെ ഓഹരി വാങ്ങലുകളാണ് നടത്തിയത്. കഴിഞ്ഞ മാസം അവർ 60,939.16 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഓഗസ്റ്റിൽ വിദേശ ഓപ്പറേറ്റർമാർ 14,018.87 കോടി രൂപയുടെ വിൽപ്പന നടത്തി. വെള്ളിയാഴ്ച അവർ വാങ്ങലുകാരായി 1932.81 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
നിഫ്റ്റി സൂചിക പിന്നിട്ടവാരം 202 പോയിന്റും സെൻസെക്സ് 742 പോയിന്റും നഷ്ടത്തിലാണ്. ഒരു മാസ കാലയളവിൽ ബോംബെ സെൻസെക്സ് 3854 പോയിന്റും നിഫ്റ്റി സൂചിക 1159 പോയിന്റും നഷ്ടത്തിലാണ് നീങ്ങുന്നത്.
മുന്നേറാൻ നിഫ്റ്റി, സെൻസെക്സ്
യുഎസ് തീരുവ സൃഷ്ടിച്ച ആഘാതത്തിൽനിന്നും രക്ഷനേടുംവരെ മാന്ദ്യം തുടരാം. ഓഗസ്റ്റ് ആദ്യം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയ അമേരിക്ക പിന്നീട് തീരുവ 25 ശതമാനം കൂടി വർധിപ്പിച്ചത് വിദേശ ഓപ്പറേറ്റർമാരെ ആശങ്കയിലാക്കി. അവർ ബാധ്യതകൾ കുറയ്ക്കാൻ വരുംദിനങ്ങളിൽ നീക്കം നടത്തിയാൽ വിപണിയിലെ തിരുത്തലിന് ആക്കം വർധിക്കും.
ഓഹരി വിപണിയിലെ തകർച്ചയ്ക്ക് മുന്നോടിയായി ചാർട്ട് ഡാമേജിനുള്ള സാധ്യതകൾ മുൻകൂറായി നൽകിയത് വലിയ പങ്ക് ഇടപാടുകാർക്കും കരുതലോടെ ചുവടുവയ്ക്കാനുള്ള അവസരമൊരുക്കി. മുൻവാരത്തിലെ 24,565 പോയിന്റിൽനിന്നും സൂചിക അല്പം മികവ് കാണിച്ച് 24,733 വരെ മുന്നേറിയതിനിടയിലാണ് വിദേശ വിൽപ്പന വിപണിയെ സമ്മർദത്തിലാക്കിയത്. ഇതോടെ ആടിയുലഞ്ഞ നിഫ്റ്റി 24,337 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 24,363 പോയിന്റിലാണ്.
വിപണിക്ക് 24,222 പോയിന്റിൽ ആദ്യ സപ്പോർട്ടുണ്ട്, ഇത് നഷ്ടമായാൽ സൂചിക 24,081 ലേക്ക് ഇടിയാം. അതേസമയം താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് ഇടപാടുകാർ താത്പര്യം കാണിച്ചാൽ തിരിച്ചുവരവിൽ 24,681-24,873 പോയിന്റിൽ പ്രതിരോധം നേരിടാം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചർ 24,694 വരെ ഉയർന്ന ശേഷം വാരാന്ത്യം 24,430ലാണ്. തകർച്ചയ്ക്കിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 169 ലക്ഷത്തിൽ നിന്നും 172 ലക്ഷത്തിലേക്ക് ഉയർന്നത് പുതിയ വിൽപ്പനയായി വിലയിരുത്താം. ഫ്യൂച്ചേഴ്സ് മാർക്കറ്റിന്റെ ചലനങ്ങൾ കണക്കിലെടുത്താൽ 24,400ലേക്ക് നീങ്ങാൻ സാധ്യതയെന്ന് മുൻവാരം വ്യക്തമാക്കിയത് ശരിവച്ച് 24,413 വരെ ഇടിഞ്ഞു. പുതിയ ഷോർട്ട് പൊസിഷനുകളുടെ ആക്കം കണക്കിലെടുത്താൽ 24,000ലേക്കും തുടർന്ന് 23,800ലേക്കും പരീക്ഷണങ്ങൾക്ക് ഇടയുണ്ട്. ഒരു തിരിച്ചുവരവിനു ശ്രമിച്ചാൽ 24,550 ൽ പ്രതിരോധം തലയുയർത്താം.
സെൻസെക്സ് കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങുന്നു. സൂചിക മുൻവാരത്തിലെ 80,599 പോയിന്റിൽനിന്നും 81,054 വരെ ഉയർന്നതിനിടയിൽ വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്ക് മത്സരിച്ചത് സൂചികയെ 79,775ലേക്ക് തളർത്തിയെങ്കിലും ക്ലോസിംഗിൽ 79,857 പോയിന്റിലാണ്. സെല്ലിംഗ് മൂഡിൽ വിപണി നീങ്ങുന്നതിനാൽ ഈ വാരം തിരുത്തലിനിടയിൽ 79,403-79,894 പോയിന്റിൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം, ഈ സപ്പോർട്ട് നഷ്ടമായാൽ സെൻസെക്സ് 77,670ലേക്കു മുഖം തിരിക്കാം. സെൻസെക്സിന്റെ പ്രതിരോധം 80,682-81,507 പോയിന്റിലാണ്.
രൂപയ്ക്കും ക്ഷീണം
ഡോളറിനു മുന്നിൽ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. എന്നാൽ, അധികം വൈകും മുന്നേ രൂപയ്ക്ക് തിരിച്ചടി നേരിട്ടു, തുടർച്ചയായ അഞ്ചാം വാരമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. മാസാരംഭത്തിൽ 87.52ൽ നിലകൊണ്ട വിനിമയ നിരക്ക് ഒരു വേള 87.89 ലേക്ക് ദുർബലമായ ശേഷം 87.66ലാണ്. 2023 സെപ്റ്റംബറിനുശേഷം രൂപയ്ക്ക് നേരിടുന്ന ഏറ്റവും കനത്ത തിരിച്ചടിയുടെ ആക്കം കണക്കിലെടുത്താൽ രൂപയുടെ മൂല്യം 85.50ലേക്ക് ദുർബലമാകാം.
ആഗോളവിപണിയിൽ നിന്നുള്ള വാർത്തകൾ ഈ വാരം ഇന്ത്യൻ മാർക്കറ്റിനെ കൂടുതൽ സ്വാധീനിക്കാം. സ്വാതന്ത്ര്യ ദിനമായതിനാൽ വെള്ളിയാഴ്ച വിപണി അവധിയാണ്. പണപ്പെരുപ്പം സംബന്ധിച്ച പുതിയ കണക്കുകൾ ഈവാരം പുറത്തുവരും. യുഎസ്- ഇന്ത്യ വ്യാപാര കരാർ സംബന്ധിച്ച വാർത്തകൾ ഓഹരി സൂചികയിൽ ചലനമുളവാക്കാം. കോർപറേറ്റ് മേഖല ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ അവസാന റൗണ്ടിലാണ്.
സ്വർണം കുതിക്കുന്നു
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 3363 ഡോളറിൽനിന്നും 3404 ഡോളർ വരെ ഉയർന്നശേഷം വാരാന്ത്യം 3397 ഡോളറിലാണ്. 3437 ഡോളറിൽ പ്രതിരോധം മുന്നിൽകണ്ട് പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഓപ്പറേറ്റർമാർ നീക്കം നടത്താം. അതേസമയം യു എസ് തീരുവ വിഷയം വിനിമയ വിപണിയെ പ്രകന്പനം കൊള്ളിച്ചാൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ ഇറങ്ങിയാൽ മഞ്ഞലോഹം 3494 ഡോളറിനെ ഉറ്റുനോക്കാം.