2024-25 സാന്പത്തികവർഷം കേരളത്തിന്റെ വളർച്ചയിൽ ഇടിവ്
Saturday, August 9, 2025 12:36 AM IST
കോട്ടയം: 2024-25 സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ (എംഒഎസ്പിഐ) പുതുക്കിയ കണക്കുകൾ പ്രകാരം 2024-25 സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 6.19 ശതമാനമായാണ് ഇടിഞ്ഞത്.
ഒരു വർഷം മുൻപ് (2023-24 സാന്പത്തിക വർഷം) സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 6.73 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായും കേരളം മാറി. 2024-25ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 6.3 ശതമാനമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാട് ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. 2024-25ൽ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാനിരക്ക് 11.19 ശതമാനം രേഖപ്പെടുത്തിയ തമിഴ്നാടാ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാന സന്പദ് വ്യവസ്ഥയായി. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കർണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാൾ മുന്നിലാണ്.
എംഒഎ്സപിഐയുടെ കണക്കുപ്രകാരം 2024-25 സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ നോമിനൽ ജിഎസ്ഡിപി 9.97 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് 2023-24 സാന്പത്തിക വർഷത്തിൽ ഈ വർഷം ആദ്യം കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന 11.7 ശതമാനം വളർച്ചാനിരക്കക്കിനേക്കാൾ താഴെയാണ്. സംസ്ഥാനത്തിന്റെ നോമിനൽ ജിഎസ്ഡിപി ബജറ്റിൽ 13,11,437 കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കിൽ 12,48,533 കോടി രൂപയിലാണെത്തിയത്.
നോമിനൽ ജിഎസ്ഡിപി എന്നത് ഒരു സംസ്ഥാനത്തിനുള്ളിൽ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യത്തെ സൂചിപ്പിക്കുന്നു.
ഡബിൾ ഡിജിറ്റിൽ 14 വർഷത്തിനുശേഷം
2024-25ൽ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാനിരക്ക് 11.19 ശതമാനം രേഖപ്പെടുത്തിയ തമിഴ്നാട് പതിനാല് വർഷത്തിനുശേഷമാണ് ഈ നേട്ടത്തിലെത്തുന്നത്. 2010-11 സാന്പത്തികവർഷം 13.12 ശതമാനം വളർച്ചാ നിരക്കാണ് തമിഴ്നാടിനുണ്ടായത്.