മാരിവില്ലഴകിൽ ദീപിക കളർ ഇന്ത്യ
Saturday, August 9, 2025 4:52 AM IST
കോട്ടയം: നിറച്ചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ. സ്കൂൾ അങ്കണങ്ങളിൽ ദേശസ്നേഹത്തിന്റെയും ലഹരിവിരുദ്ധ പോരാട്ടത്തിന്റെയും മാറ്റൊലി മുഴക്കിക്കൊണ്ടാണ് പത്തു ലക്ഷത്തോളം കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്.
ദീപികയും ദീപിക ബാലസഖ്യവും കൈകോർത്ത് സംഘടിപ്പിച്ച ദീപിക കളർ ഇന്ത്യ മത്സരം കുട്ടികളുടെ പങ്കാളിത്തംകൊണ്ടും മാത്സര്യമില്ലാത്ത മത്സര മനോഭാവംകൊണ്ടും സമാനതകളില്ലാത്തതായി.
79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ നടന്ന ദീപിക കളർ ഇന്ത്യ സീസൺ 4 മത്സരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവധ ജില്ലകളിൽ പ്രമുഖർ ജില്ലാതല ഉദ്ഘാടനങ്ങളിൽ പങ്കാളികളായി.
വിവിധ വിഭാഗങ്ങളിലായി എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളാണ് ഈ ദേശീയതല വർണോത്സവത്തിൽ അണിചേരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു സ്കൂളുകളിലാണ് മത്സരം നടക്കുന്നത്.
മത്സരത്തോടനുബന്ധിച്ചു നടന്ന ചടങ്ങുകൾ ദേശഭക്തിഗാനമാലപിച്ചും സംഘനൃത്തമവതരിപ്പിച്ചും കുട്ടികൾ വർണാഭമാക്കി. ദീപിക കളർ ഇന്ത്യ മത്സരത്തിൽ ഇത്തവണയും ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളാണ്.
കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത് പട്ടം സ്കൂളിലായിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി ആകെ 4,346 വിദ്യാർഥികളാണ് ഇവിടെ മത്സരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം 2800 വിദ്യാർഥികൾ പങ്കെടുത്തു.